കുട്ടികളെ ഏറെ സ്നേഹിക്കുകയും അവരോട് ഇടപഴകാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന വ്യക്തിയാണ് ജവഹർലാൽ നെഹ്റു. കുരുന്നുകൾ സ്നേഹത്തോടെ ‘ചാച്ചാ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികളോടുളള നെഹ്റുവിന്റെ സ്നേഹവും വാത്സല്യവും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി രാജ്യം ആചരിക്കുന്നത്.
“ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാർത്തെടുക്കുക. നമ്മൾ അവരെ എങ്ങനെ വളർത്തികൊണ്ടു വരുമോ അതിനെ അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി,” എന്നാണ് ഒരിക്കൽ നെഹ്റു പറഞ്ഞത്.
1889 നവംബര്‍ 14നാണ് നെഹ്റു ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്റു അവരുടെ ഭാവിക്കായി കരുതലോടെ പ്രവർത്തിച്ച വ്യക്തിയാണ്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര് എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു നെഹ്റു. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ അദ്ദേഹം ശ്രമിച്ചു. നെഹ്റുവിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു.
ഉന്നത വിദ്യാഭ്യാസത്തിന് നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കി. ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ നിര്‍മിക്കുകയും കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നല്കുന്ന ഒരു പരിപാടിക്കും അദ്ദേഹം തുടക്കമിട്ടു.
കുട്ടികളെ കണ്ടാൽ അവരെ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന ചാച്ചാജിയെയാണ് രാജ്യം കണ്ടിട്ടുളളത്. ചാച്ചാജിയുടെ ഓർമകൾ നിറയുന്ന ഈ ശിശുദിനത്തിൽ നല്ല ശീലങ്ങളോടും ചിന്തകളോടും കൂടി ഓരോ കുരുന്നുകളും വളരട്ടെ. എല്ലാവർക്കും ശിശുദിനാശംസകൾ.
ഇത്തവണത്തെ ശിശുദിനം ദീപാവലി ദിനത്തിലാണെന്ന പ്രത്യേകതയുമുണ്ട്.