തളിപ്പറമ്പ്: പോലീസ് ജീപ്പിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തിലെ പ്രതി അറസ്റ്റില്‍. പരിയാരം ഇരിങ്ങലിലെ ചിറമ്മൽ വളപ്പിൽ ദിനേശൻ (48) ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് കോര്‍ട്ട്‌റോഡില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന പോലീസ് വാഹനത്തിന് നേരെ ദിനേശൻ കല്ലേറു നടത്തുകയായിരുന്നു. വാഹനത്തിൻ്റെ ചില്ലുകൾ തകർന്നു.
വാഹനത്തിലുണ്ടായിരുന്ന സി ഐ ബെന്നിലാലും, എസ്ഐ പി.റഫീക്കും ,പോലീസ് ഡ്രൈവറും ചേർന്നാണ് അക്രമിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയിത്. അക്രമിയുവായുള്ള മൽപ്പിടത്തിൽ എസ്. ഐ റഫീക്കിന് ചെറിയ പരിക്കേറ്റു. അദ്ദേഹം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
2018 മാര്‍ച്ച് എട്ടിന് തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ മഹാത്മാഗാന്ധി പ്രതിമക്ക് നേരെ അക്രമം നടത്തിയതും ദിനേശനാണ്. ഈ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദിനേശൻ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് പരിസര വാസികൾ പറയുന്നു. ഇയാളെ ഇന്ന് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമെന്നും പോലീസ് അറിയിച്ചു.
Stone pelting on police jeep in Taliparam