തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികള്‍. ഇതുവരെ അഞ്ച് ചാർട്ടേർഡ് ഫ്ലൈറ്റുകളില്‍ പ്രവാസി വോട്ടർമാർ നാട്ടില്‍ എത്തിക്കഴിഞ്ഞു. യുഎഇയിലെ ദുബായി, അബുദാബി, അജ്മാൻ, റാസല്‍ഖൈമ, ഷാർജ എന്നീ എമിറേറ്റ്സുകളില്‍നിന്നും ഖത്തർ, സൗദ്യ അറേബ്യ എന്നീ നാടുകളില്‍ നിന്നുമാണ് പ്രവാസികള്‍ വോട്ട് രേഖപ്പെടുത്താനായി കൂടുതലായി എത്തിയത്.
യുഡിഎഫ്-എഡിഎഫ് മുന്നണികളുടെ സാംസ്കാരിക-സന്നദ്ധ സംഘടനകളാണ് ചാർട്ടേർഡ് വിമാനങ്ങളില്‍ വോട്ടർമാരെ നാട്ടിലെത്തിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം നടന്ന ഉടൻ തന്നെ പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ ഇരുമുന്നണികളും ആരംഭിച്ചിരുന്നു. സ്വന്തമായ നിലയില്‍ നേരത്തെത്തന്നെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളും ഏറെയാണ്. ഓരോ സ്ഥാപനങ്ങളിലെയും ജീവനക്കാരായ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരുന്നതിനായി ലീവ് ലഭ്യമാക്കാൻ പോലും ഇരു മുന്നണികളിലെയും നേതാക്കള്‍ ഇടപെട്ടിരുന്നു. വടകര മണ്ഡലത്തില്‍ മാത്രം 20,000 പ്രവാസികള്‍ വോട്ട് രേഖപ്പെടുത്താൻ എത്തുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സൂപ്പർ മാർക്കറ്റുകളിലും മറ്റും ചെറിയ ശന്പളത്തിന് ജോലി ചെയ്യുന്ന പ്രവാസി വോട്ടർമാർക്ക് വിവിധ സന്നദ്ധ സംഘടനകളാണ് നാട്ടിലേക്ക് വരുന്നതിന് വിമാന ടിക്കറ്റ് നല്‍കുന്നത്.
യുഎഇയിലെ മഴവെള്ളക്കെടുതികള്‍ക്കിടയിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരാൻ വെമ്ബല്‍ കൊള്ളുന്ന പ്രവാസികളെ അത്ഭുതത്തോടെയാണ് അറബികള്‍ ഉള്‍പ്പെടെയുള്ളവർ കാണുന്നതെന്നു പറയുന്നു. യുഎഇയിലെ ഏഴ് എമിറേറ്റ്സിലുമായി ഇരുനൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരുണ്ട്. പല രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാൻ പൗരന്മാർ താമസിക്കുന്ന രാജ്യത്തെ എംബസികളില്‍ വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കാറുണ്ട്. എന്നാല്‍, ഇന്ത്യയില്‍നിന്നുള്ള പൗരന്മാർക്ക് ഈ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ് ഇപ്പോള്‍ പ്രവാസികളായി അറബ് രാജ്യങ്ങളില്‍ ഉള്ളത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളും വോട്ട് രേഖപ്പെടുത്തുന്നതിനായി നാട്ടിലേക്ക് എത്തുന്നുണ്ട്. കർണാടക, തമിഴ്നാട്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വോട്ടർമാർ നാട്ടിലേക്ക് എത്തുന്നത്. മുംബൈ ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍നിന്നും വോട്ടർമാരെ നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനകള്‍ രംഗത്തുണ്ട്.
Voluntary organizations arrange chartered flights