കൊറോണക്കിടയില്‍ അനുഗ്രഹീത റമസാന്‍ വന്നെത്തി

By Shakkir_thottikkal | Thursday April 23rd, 2020

SHARE NEWS

കൊറോണയെന്ന മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വേളയില്‍ നന്മ നിറഞ്ഞ രാപകലുകളായി വിശുദ്ധ റമളാൻ ഒരിക്കൽ കൂടി വന്നണഞ്ഞു. ലോകമെമ്പാടുമുള്ള സത്യവിശ്വാസികൾ അതിന്റെ അനുഗ്രഹീത രാവുകളിൽ ഭക്തിനിർഭരമായ ഇബാദത്തുകളുടെയും മനുഷ്യ സ്നേഹം കവിഞ്ഞൊഴുകുന്ന ദാനശീലങ്ങളുടെയും പുതിയ അനുഭവങ്ങൾ തുന്നിച്ചേർക്കാനുള്ള ആവേശത്തിലാണ്.

 

എണ്ണിയാലൊടുങ്ങാത്തതാണ് റമളാന്റെ സവിശേഷതകൾ. വാനലോകത്തെ സ്വർഗ്ഗ കവാടങ്ങൾ പരക്കെ തുറക്കപ്പെടുകയും അനുഗ്രഹത്തിന്റെ അക്ഷയഖനികൾ മനുഷ്യരിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു.മഗ്ഫിറത്തിനുവേണ്ടി മർഹമത്തിനുവേണ്ടി സർവ്വോപരി നരകമോചനത്തിനുവേണ്ടി വിശ്വാസികൾക്ക് പുതിയ അവസരങ്ങൾ നൽകപ്പെടുന്നു. മനുഷ്യവർഗ്ഗത്തിന്റെ ജീവിതവിശുദ്ധി നേരിട്ടനുഭവിക്കാൻവേണ്ടി മാലാഖമാർ ഇറങ്ങിവരുന്നു. ഇങ്ങനെ വിശ്വാസിയുടെ ജിവിതത്തിലെ ഒരു മുതൽക്കൂട്ടാണ് റമളാൻ.

 

 

അല്ലാഹുവിന്റെ തൃപ്തിയും സാമീപ്യവും കരസ്ഥമാക്കുകയെന്ന പരമോന്നത ലക്ഷ്യത്തിന് മുമ്പില്‍ തന്‍െറ വ്യക്തിപരമായ ഏതുതരം ആഗ്രഹാഭിലാഷങ്ങളെയും അടിയറ വെക്കാനുള്ള ഒരു മനുഷ്യന്‍െറ  സന്നദ്ധതയാണ് വ്രതാനുഷ്ഠാനത്തിന്റെ ആശയം. രഹസ്യവും പരസ്യവുമായ വിശ്വാസ ശുദ്ധിയും ആത്മാർത്ഥതയുമാണ് നോമ്പിന്‍െറ ചെെതന്യം. അതുകൊണ്ടുതന്നെയായിരിക്കാം മറ്റേത് ആരാധനകളില്‍ നിന്നും വ്യത്യസ്തമായി അല്ലാഹു നോമ്പിനെ കുറിച്ച് നോമ്പ് എനിക്കുള്ളതാണ്. നാം അതിന് പ്രതിഫലം നല്‍കും എന്ന വാക്യത്തിലൂടെ തന്നോട് ചേര്‍ത്ത് പറഞ്ഞ് അതിന്‍െറ മാഹാത്മ്യം വെളിപ്പെടുത്തിയത്.

 

വര്‍ജ്ജനം,സംയമനം തുടങ്ങി അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘സ്വവമ’ യില്‍ നിന്നാണ് വ്രതം എന്നർത്ഥത്തുള്ള സൗമിന്റെ ഉത്ഭവം, വിഭവസമൃദ്ധമായ അന്നപാനീയങ്ങൾക്ക് മുമ്പിൽ വിശന്നു വലഞ്ഞ വയറുമായി തികഞ്ഞ സംയമനത്തോടെ നിലയുറപ്പിക്കുന്ന മനുഷ്യൻ യഥാർഥത്തിൽ തന്റെ ജന്മവെെരിയായ പിശാചിനുമുമ്പിൽ പിടിച്ച് നിൽക്കാനുള്ള രക്ഷാകവചമായാണ് നോമ്പിനെ ഉപയോഗിക്കുന്നത്. അങ്ങനെയാണ് പ്രവാചകർ ഈ വ്രതത്തെ പരിചയപ്പെടുത്തുന്നത്.

 

“അസൗമു ജുന്ന ” ( നോമ്പ് ഒരു പരിചയാണ്) എന്നാണ് പ്രവാചകരുടെ പ്രയോഗശൈലി. മറ്റൊരിക്കൽ നബി (സ) പറയുകയുണ്ടായി. നിശ്ചയം പിശാച് മനുഷ്യന്റെ രക്തക്കുഴലിലൂടെ മുഴുവൻ സഞ്ചരിക്കും. അതുകൊണ്ട് അവന്റെ സഞ്ചാരപഥത്തെ വിശപ്പ് കൊണ്ട് പ്രയാസകരാക്കുക.     കരിച്ചുകളയുക, ശുദ്ധീകരിക്കുക എന്നർത്ഥമുള്ള ‘റമള’യിൽ നിന്നാണ് റമളാൻ എന്ന പദത്തിന്റെ ഉത്ഭവം.

 

 

ആരാധനാക്രമങ്ങൾക്കിടയിലൂടെ റമളാന്റെ ആന്തരാത്മാവിനെ തൊട്ടറിയാൻ ശ്രമിക്കുന്ന മനുഷ്യനെ അല്ലാഹു സകലപാപങ്ങളിൽനിന്നും വിമലീകരിക്കുകയും നരക പ്രവേശത്തിൽനിന്ന് മുക്തനാക്കുകയും ചെയ്യുന്നു. ആരെങ്കിലും വിശ്വാസബുദ്ധിയോടെ ദൈവ പ്രീതി കാംക്ഷിച്ചുകൊണ്ട് നോമ്പനുഷ്ഠിച്ചാൽ കഴിഞ്ഞുപോയപാപങ്ങളത്രയും പൊറുത്തു കൊടുക്കും എന്ന ഹദീസിന്റെ ഉൾപ്പൊരുൾ ഈ ആശയത്തെയാണ് ധ്വനിപ്പിക്കുന്നത്.

 

 

ഇസ്ലാമിക ചരിത്രത്തിൽ റമസാന്റെ സവിശേഷതകൾ വളരെ വലിയതാണ്. മനുഷ്യസമൂഹത്തെ അന്ധതയുടെ കൂരിരുട്ടിൽനിന്ന് പ്രകാശ ലോകത്തേക്ക് വഴി കാണിച്ച ഖുർആന്റെ അവതരണം മുസ്ലീം സമൂഹ ത്തിന്റെ ഗതി മാറ്റിയ അധർമ്മത്തിന്റെ ശക്തിദുർഗ്ഗങ്ങൾക്കെതിരെ ബദറിന്റെ യുദ്ധഭൂമിയിൽ നേടിയ തകർപ്പൻ ജയം. വാനലോകത്ത് നിന്ന് ദൈവ കാരുണ്യം പെയ്തിറങ്ങുന്ന ലൈലതുൽ ഖദ്റിന്റെ അത്യപൂർവ്വ സാന്നിദ്ധ്യം തുടങ്ങി നന്മയുടെ വിജയത്തിന്റെ ഒന്നിലധികം അനുഭവ ങ്ങൾ റമളാന് പറയാനും നമുക്കുൾക്കൊള്ളാനുമുണ്ട്.

 

മാനുഷിക ജീവിതത്തിനാവശ്യമായ ആത്മസംയമം, അച്ചടക്കം, കർമ്മോത്സുകത, അർപ്പണബോധം തുടങ്ങിയ ഗുണവിശേഷങ്ങൾ വളർത്തിയെടുക്കുന്നതിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിന് നിസ്തുല സാന്നിദ്ധ്യമുണ്ട്. ദൗർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗം റമസാന്റെ ഒഴിവുകാലം അനാവശ്യ വിനോദങ്ങളിൽ തള്ളി നീക്കാനും  കർമ്മശേഷി കൂടി നശിപ്പിക്കാനുമാണ് ഉപയോഗിക്കുന്നത്. അത്തരക്കാർക്ക് നോമ്പ് കൊണ്ട് വിശപ്പല്ലാതെ മറ്റൊന്നും ലഭിക്കാനുണ്ടാവില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read