തൃശൂർ ചാവക്കാട് തീരത്ത് അടിഞ്ഞ ഇരുമ്പ് പെട്ടിയിൽ കണ്ടെത്തിയ മെറ്റൽ ലിങ്കുകൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. തീരദേശ പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് ചാവക്കാട് തൊട്ടാപ്പ് കടപ്പുറത്ത് കരയിൽനിന്ന് കടലിലേക്ക് വലയെറിഞ്ഞ് മീൻ പിടിക്കുന്ന മത്സ്യതൊഴിലാളികൾക്ക് പെട്ടി കിട്ടിയത്.
കരയ്ക്കടിഞ്ഞ ഇരുമ്പ് പെട്ടിയിൽ തോക്കുകൾക്ക് ഉപയോഗിക്കുന്ന മെറ്റൽ ലിങ്കുകൾ കണ്ടെത്തിയിരുന്നു. കപ്പലുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ റൈഫിളുകളിൽ ഉപയോഗിക്കുന്ന തിരകൾ സൂക്ഷിക്കുന്ന പെട്ടിയാണ് ഇതെന ഉപയോഗശേഷം ഉപേക്ഷിച്ചതാകാമെന്നുമാണ് മുനയ്ക്കകടവ് തീരദേശ പൊലീസിന്റെ പ്രാഥമിക നിഗമനം.

കടലിൽ നിന്ന് കിട്ടിയ ഇരുമ്പ് പെട്ടിയിൽ 500 ൽ അധികം മെറ്റൽ ലിങ്കുകൾ ആണ് ഉണ്ടായിരുന്നത്. അര അടി വീതിയും ഒരടി നീളവും പെട്ടിക്കുണ്ട്. മുനയ്ക്കകടവ് പൊലീസ് കൊച്ചി നേവി അധികൃതരെയും തീരദേശ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലും വിവരമറിയിച്ചിട്ടുണ്ട്. സംഭവത്തിൽ നാവികസേന ഇൻ്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചു.
Metal links used guns found iron box washed up Chavakkad coast investigation launched