മാടായിഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പുതിയങ്ങാടി ടൗണിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിന് സ്ഥലമുടമയ്ക്കും സ്ഥലത്തിനോട് ചേർന്നു പ്രവർത്തിക്കുന്ന ക്വാട്ടേഴ്‌സിനും സ്ഥാപനത്തിനും സ്‌ക്വാഡ് 15000 രൂപ പിഴ ചുമത്തി. വലിയ തോതിലാണ് പ്രദേശത്ത് ജൈവ - അജൈവ മാലിന്യങ്ങൾ തള്ളിയിരിക്കുന്നതായി കണ്ടെത്തിയത്. സ്ഥലത്തിനോട് ചേർന്നു പ്രവർത്തിച്ചു വരുന്ന ഹമീദ് കെ ടി എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്‌സിൽ നിന്നും നിരവധി പ്ലാസ്റ്റിക് കവറുകൾ, ചെരുപ്പുകൾ, തലയണ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങൾ വലിയ തോതിൽ പ്രദേശത്ത് തള്ളിയിരിക്കുന്നതായി കണ്ടെത്തി.
ക്വാട്ടേഴ്‌സിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ക്വാട്ടേഴ്‌സിന്റെ മുൻവശത്തു സ്ഥാപിച്ചിരിക്കുന്ന പൈപ്പിൽ നിന്നുമുള്ള മലിന ജലം തുറസായി സമീപത്തേയ്ക്ക് ഒഴുക്കി വിടുകയും പ്രദേശത്ത് കെട്ടി കിടക്കുന്നതായും കണ്ടെത്തി. ക്വാട്ടേഴ്‌സിനു സ്‌ക്വാഡ് 8000 രൂപ പിഴ ചുമത്തി.സംഭവ സ്ഥലത്തിന് സമീപത്തായി പ്രവർത്തിച്ചു വരുന്ന ജെ & എൻ ഫ്രഷ് പിക്ക്സ് എന്ന സ്ഥാപനത്തിൽ നിന്നുള്ള പച്ചക്കറി അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പ്രദേശത്ത് കൂട്ടിയിടുകയും കത്തിക്കുകയും ചെയ്തതായി സ്‌ക്വാഡ് കണ്ടെത്തി. സ്ഥാപനത്തിന് സ്‌ക്വാഡ് 3000 രൂപ പിഴ ചുമത്തി. സ്ഥലത്തിന്റെ ഉടമയെ സ്‌ക്വാഡ് സംഭവസ്ഥലത്ത് വിളിച്ചു വരുത്തി പ്രദേശത്ത് മാലിന്യങ്ങൾ തള്ളുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബോധിപ്പിക്കുകയും തുടർന്നു മാലിന്യങ്ങൾ തള്ളുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും 4000 രൂപ പിഴ ചുമത്തുകയും ചെയ്തു. 3 വ്യക്തികളോടും പ്രദേശത്ത് തള്ളിയിരിക്കുന്ന മാലിന്യങ്ങൾ എടുത്തു മാറ്റി ശാസ്ത്രീയമായി സാംസ്‌ക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.
Fined_throwing _away_garbage