എടവണ്ണ: നിലമ്പൂരില്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വറിനെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് നീക്കം ഭരണകൂട ഭീകരതയാണെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. മോദിയേക്കാള്‍ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും യഥാര്‍ത്ഥ വിഷയത്തില്‍ അടിയന്തര നടപടിയില്ലെന്നും അന്‍വര്‍ പറഞ്ഞു.
അറസ്റ്റിന് മുന്നോടിയായി വന്‍ പൊലീസ് സന്നാഹം അന്‍വറിന്റെ വീട്ടില്‍ എത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടി. നിലമ്പൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ 121 (ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പിക്കുക-ജാമ്യമില്ലാക്കുറ്റം), 132 (ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക- ജാമ്യമില്ലാക്കുറ്റം), 189 (2) (അന്യായമായി സംഘം ചേരല്‍-ജാമ്യം ലഭിക്കാവുന്ന കുറ്റം), 190 (പൊതു ഉദ്ദേശത്തിനായി സംഘം ചേരുക), 191 (2) (കലാപം-ജാമ്യം ലഭിക്കാവുന്ന കുറ്റം), 329(3) (അതിക്രമിച്ച് കടക്കുക- ജാമ്യം ലഭിക്കാവുന്ന കുറ്റം), 332 (സി) (കുറ്റകൃത്യത്തിനായി അതിക്രമിച്ച് കടക്കുക-ജാമ്യം ലഭിക്കാവുന്ന കുറ്റം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി നിയമത്തിന്റെ 3 (1) വകുപ്പ് അനുസരിച്ച് ജാമ്യമില്ലാക്കുറ്റവും അന്‍വറിനെതിരെ ചുമത്തി. അന്‍വറിന് പുറമേ പത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നു.
ഇന്നലെയായിരുന്നു നിലമ്പൂര്‍ കരുളായി വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി മരിച്ചത്. 35 വയസായിരുന്നു. കാട്ടാന ആക്രമിക്കുമ്പോള്‍ അഞ്ചുവയസുകാരനായ മകന്‍ മനുകൃഷ്ണ മണിയുടെ കയ്യില്‍ ഉണ്ടായിരുന്നു. കുട്ടി അത്ഭുതകരമായിരുന്നു കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മണിയുടെ മരണത്തിന് പിന്നാലെ പ്രതികരിച്ച് അന്‍വര്‍ രംഗത്തെത്തിയിരുന്നു. യുവാവിന്റെ മരണം വനംവകുപ്പ് നടത്തിയ കൊലപാതകമെന്നായിരുന്നു പി വി അന്‍വറിന്റെ പ്രതികരണം.
Pv anver