ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗവും സമൂഹ മാധ്യമവിഭാഗവും ചേർന്ന് കണ്ടെത്തിയിരിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ ഫിഷിങ്ങ് (Phishing) എന്നറിയപ്പെടുന്ന രീതിയാണ് തട്ടിപ്പുകാർ നടത്തുന്നത്. ഇന്ത്യാ പോസ്റ്റിന്റെ യഥാർത്ഥ വിവരങ്ങളാണെന്നു കരുതി, തട്ടിപ്പുകാർ പുറത്തുവിട്ടിരിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് വ്യാപകമായി വാട്സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
തട്ടിപ്പു രീതി ഇങ്ങനെ :
ഇന്ത്യൻ പോസ്റ്റൽ വകുപ്പ് മുഖാന്തിരം ഗവൺമെന്റ് സബ്സിഡികൾ വിതരണം ചെയ്യുന്നു എന്ന തരത്തിൽ ഒരു ലിങ്ക് വാട്സ് ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പുകാർ പുറത്തുവിടുന്നു.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇന്ത്യാ പോസ്റ്റിന്റെ ലോഗോയും, ചിത്രങ്ങളും അടങ്ങിയ വെബ്സൈറ്റ് തെളിയുന്നു.ഇതിൽ നിങ്ങൾക്ക് 6000 രൂപ ഗവൺമെന്റ് സബ്സിഡി ഇനത്തിൽ ലഭിക്കാനുണ്ട് എന്ന സന്ദേശം ലഭിക്കുന്നു.അവർ നൽകിയിട്ടുള്ള ലളിതമായ ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെടുന്നു.
ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ യഥാർത്ഥ വെബ്സൈറ്റ് ആണെന്നു കരുതി സാധാരണക്കാർ ഇതെല്ലാം ചെയ്തു കഴിയുമ്പോൾ, സമ്മാനം ലഭിക്കുന്നതിനുവേണ്ടി അതിൽ തന്നിട്ടുള്ള ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്നു.
അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വമ്പൻ തുക അല്ലെങ്കിൽ കാർ തുടങ്ങിയവയായിരിക്കും നിങ്ങൾക്ക് സമ്മാനം ലഭിച്ചതായി കാണുന്നത്.
സമ്മാനം ലഭിക്കുന്നതിനുവേണ്ടി അവർ നൽകുന്ന ലിങ്ക് 4 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ, അല്ലെങ്കിൽ 20 വാട്സ് ആപ്പ് നമ്പറിലേക്കോ അയച്ചു നൽകാൻ ആവശ്യപ്പെടുന്നു.തുടർന്ന്, നിങ്ങളുടെ ബാങ്ക് എക്കൌണ്ട്, ആധാർ കാർഡ്, ഫോട്ടോ, ഫോൺ നമ്പർ തുടങ്ങിയവ നൽകാൻ ആവശ്യപ്പെടുന്നു.
ഇതെല്ലാം അയച്ചു നൽകുന്ന നിങ്ങളെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, സമ്മാനത്തുക നിങ്ങളുടെ ബാങ്ക് എക്കൌണ്ടിലേക്ക് അയക്കുന്നതിനുവേണ്ടി പ്രോസസിങ്ങ് ചാർജ്, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയ തട്ടിപ്പുകൾ പറഞ്ഞ് ചെറിയ തുകകളായി പണം കൈപ്പറ്റുന്നു.
വലിയ തുക ലഭിക്കാനുണ്ടെന്നു കരുതി, നിങ്ങൾ പലപ്പോഴായി അവർക്ക് ചെറിയ തുകകൾ അയച്ചു നൽകും.അങ്ങിനെ പണം നിങ്ങൾക്കു നഷ്ടപ്പെടാം.
അതല്ലെങ്കിൽ, നിങ്ങളുടെ ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകൾ അയച്ചു നൽകി, അതിൽ നിങ്ങൾ ക്ലിക്ക് ചെയ്യുമ്പോൾ കുറ്റവാളികൾ നിങ്ങളുടെ ഫോണിന്റേയും, കമ്പ്യൂട്ടറിന്റേയും നിയന്ത്രണം കൈക്കലാക്കി, അവർ നിങ്ങളറിയാതെത്തന്നെ നിങ്ങളുടെ എക്കൌണ്ടിൽ നിന്നും പണം പിൻവലിക്കും.
സുരക്ഷാ മുൻകരുതലുകൾ.
1. ഇന്ത്യാ പോസ്റ്റിന്റെ പേരിൽ പ്രചരിക്കുന്ന ലിങ്ക് അവഗണിക്കുക. അതിൽ ക്ലിക്ക് ചെയ്യുകയോ, ആർക്കും അയച്ചു കൊടുക്കുകയോ അരുത്. ഇന്ത്യൻ തപാൽ വകുപ്പ് ഇപ്രകാരത്തിൽ ആർക്കും സമ്മാനങ്ങൾ നൽകുന്നില്ല.
2. യഥാർത്ഥ ഇന്ത്യൻ തപാൽ വകുപ്പ് (ഇന്ത്യാ പോസ്റ്റ്) വെബ്സൈറ്റിന്റെ ശരിയായ വെബ് വിലാസം (URL) ശ്രദ്ധിക്കുക. ഇപ്പോൾ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വെബ് വിലാസം തിരിച്ചറിയുക.
എന്താണ് ഫിഷിങ്ങ് (Phishing) ?
ഒരു വ്യക്തിയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങൾ തട്ടിയെടുക്കുന്നതിനോ, അവരുടെ കമ്പ്യൂട്ടറുകളിൽ ആക്രമണകാരികളായ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുന്നതിനോ ഉപയോഗിക്കുന്ന സോഷ്യൽ എഞ്ചിനീയറിങ്ങ് രീതിയാണ് ഫിഷിങ്ങ്.
Online fraud in the name of Indian postal department