തളിപ്പറമ്പ്: അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിലും കേരളത്തിൽ ഭരണത്തിലേറാൻ സാധിക്കില്ലെന്ന തിരിച്ചറിവ് മുസ്ലിം ലീഗിനെ ആശങ്കയിലാക്കിയിരിക്കുകയാണെന്നും ഏതു വിധേനയും ഭരണത്തിലെത്തുക എന്ന ലക്ഷ്യത്തിനു വേണ്ടി മുസ്ലീം ലീഗ് മത രാഷ്ട്രവാദികളെയും തീവ്രവാദികളെയും കൂട്ടുപിടിച്ചിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മറ്റിയംഗം പി. മോഹനനൻ.
സി.പി.എം തളിപ്പറമ്പ് ഏരിയ സമ്മേളനത്തിൻ്റെ സമാപനത്തിൻ്റെ ഭാഗമായുള്ള പൊതു സമ്മേളനം ഒഴക്രോം കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പന്ന വർഗത്തിനു വേണ്ടി നിലകൊള്ളുന്ന ലീഗിന് ഭരണമില്ലാതെ നിലനിൽക്കാനാകില്ല. മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ് ലാമിയും ലക്ഷണമൊത്ത തീവ്രവാദ സംഘടനയായ എസ്.ഡി.പി.ഐയും കൂട്ടുപിടിച്ച് മുസ് ലിം ജനവിഭാഗത്തെ ഏകോപിപ്പിച്ച് കോൺഗ്രസിൻ്റെ ആലയിൽ തളയ്ക്കാനാണ് ലീഗ് ശ്രമം തുടങ്ങിയിരിക്കുന്നത്.
ആർ.എസ്.എസ് ലക്ഷ്യമിടുന്ന ഹിന്ദു രാഷ്ട്രം വന്നാലും ജമാഅത്തെ ഇസ് ലാമി ലക്ഷ്യമിടുന്ന പാക്കിസ്ഥാൻ പോലെയുള്ള ഇസ് ലാമിക രാഷ്ട്രം വന്നാലും ഇന്ത്യയിലെ ഒരു മതവും സംരക്ഷിക്കപ്പെടില്ല. മറിച്ച് ഇവിടെയുള്ള വർഗീയതയ്ക്കാണ് സംരക്ഷണം കിട്ടുക. രണ്ട് വർഗീയ ശക്തികളോടും വിട്ടുവീഴ്ച്ചയില്ലാത്ത മതനിരപേക്ഷ നിലപാട് സ്വീകരിക്കാൻ സാധിക്കണമെന്നും പി. മോഹനൻ പറഞ്ഞു.
കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. വി. ശിവദാസൻ എം പി, എം. പ്രകാശൻ, ടി.കെ ഗോവിന്ദൻ, പി.കെ ശ്യാമള, പി.മുകുന്ദൻ, കെ.ദാമോദരൻ, കെ.കൃഷണൻ ,ടി ബാലകൃഷ്ണൻ, കെ ഗണേശൻ തുടങ്ങിയവർ സംസാരിച്ചു.
CPM state committee member P Mohanan