ചെന്നൈ: ഇന്ത്യൻ റെയിൽവേ രൂപകൽപ്പന ചെയ്ത വന്ദേ മെട്രോ ഈ മാസം 16ന് ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേ മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുക. ആദ്യ സർവീസ് ഗുജറാത്തിലെ ഭുജ്-അഹമ്മദാബാദ് പാതയിലായിരിക്കും. മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഒരുമാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഉണ്ടാകും.
20 സിംഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്ക് യാത്ര ചെയ്യാനുമാകും. അഹമ്മദാബാദ്-ഭുജ് പാതയിൽ ആഴ്ചയിൽ ആറുദിവസമാണ് സർവീസ് നടത്തുക. ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. ചെന്നൈ ഇൻഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച വണ്ടിയുടെ പരീക്ഷണയോട്ടം കഴിഞ്ഞ ദിവസമാണ് നടന്നത്. മണിക്കൂറിൽ 130 കിലോമീറ്റർ വരെയാണ് വേഗത.12 കോച്ചുകളാണുള്ളത്. ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനുള്ള സൗകര്യവുമുണ്ട്. ഓട്ടോമാറ്റിക് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിലുണ്ട്.
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് വൈകാതെ വന്ദേ മെട്രോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്-എറണാകുളം, എറണാകുളം-കോയമ്പത്തൂർ, മംഗളൂരു-കോഴിക്കോട്, മധുര-ഗുരുവായൂർ( പാലക്കാട് വഴി), എറണാകുളം -തിരുവനന്തപുരം, കൊല്ലം-തിരുനെൽവേലി റൂട്ടുകളില്‍ വന്ദേ മെട്രോ സർവീസുകൾക്ക് സാധ്യതയുണ്ട്.
India's first Vande Metro flag off on 16