കല്യാശ്ശേരി മണ്ഡലത്തിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ സ്കൂൾ കെട്ടിടങ്ങളുടെ പ്രവൃത്തി വേഗത്തിലാക്കാൻ എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാകിരണം മിഷൻ പദ്ധതിയുടെ ഭാഗമായി കിഫ്ബി മുഖേന 3.90 കോടി അനുവദിച്ച 5 സർക്കാർ ഹയർ സെക്കൻ്ററി സ്കൂളുകളുടെയും ഒരു കോടി രൂപ വീതം അനുവദിച്ച രണ്ട് യുപി സ്കൂളുകളുടെയും പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി.
മാട്ടൂൽ ഗവ ഹയർ സെക്കൻ്ററി സ്കൂൾ, കല്ല്യാശേരി ഗവ ഹയർ സെക്കൻ്ററി സ്കൂൾ, കുഞ്ഞിമംഗലം ഗവ ഹയർ സെക്കൻ്ററി സ്കൂൾ, ചെറുകുന്ന് ഗവ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ, കൊട്ടില ഗവ ഹയർ സെക്കൻ്ററി സ്കൂൾ, എന്നീ 5 സ്കൂളുകൾക്കാണ് 3.90 കോടി രൂപ വീതം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചത്. മാട്ടൂൽ സി എച്ച് മുഹമ്മദ്കോയ സ്മാരക ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പ്രവൃത്തി അവസാന ഘട്ടത്തിലാണെന്ന് യോഗം വിലയിരുത്തി. 3 നിലകളിലായി 18 ക്ലാസ് മുറികളും, കോണിപ്പടി മുറികളും, ഭിന്ന ശേഷിക്കാർക്കുള്ള ടോയിലേറ്റ് അടക്കം എട്ട് ടോയിലെറ്റുകളും ആവശ്യത്തിന് യൂറിനലുകളും അടങ്ങിയ ടോയിലറ്റ് ബ്ലോക്കും ഒരുക്കുന്നതോടൊപ്പം മുറ്റം മണ്ണിട്ട് ഉയർത്തി ഇന്റർ ലോക്ക് ചെയ്യും.
ഇലക്ട്രിഫിക്കേഷൻ, പ്ലംബിംഗ് വർക്കുകൾ, അഗ്നിരക്ഷ സംവിധാനങ്ങളും പദ്ധതിയിൽ ഉൾപ്പടെ നിർമ്മിക്കുന്ന കെട്ടിടത്തിന് ലിഫ്റ്റിന്റെ പ്രവൃത്തി മാത്രമാണ് ബാക്കിയുള്ളത്. അത് വേഗത്തിൽ പൂർത്തികരിക്കാൻ എം എൽ എ നിർദ്ദേശം നൽകി. കല്യാശ്ശേരി കെപി ആർ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവൃത്തി ഉദ്ഘാടനം സെപ്തംബർ 13 ന് രാവിലെ 11 മണിക്ക് എം വിജിൻ എം എൽ എ നിർവഹിക്കും. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പടെ 2 നിലകളിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ 9 ക്ലാസ് റൂം, സയൻസ് ലാബ്, ഓഫീസ് റൂം, ലൈബ്രറി, ഡൈനിംഗ് ഹാൾ, വാഷിംഗ് റും, ടോയ് ലറ്റ്, സ്റ്റെയർ റൂം ലൈബ്രറി ഉൾപ്പടെയുളള സൗകര്യം ഉണ്ടാകും. കുഞ്ഞിമംഗലം ഹയർ സെക്കണ്ടറി സ്കൂൾ പ്രവൃത്തി ഉദ്ഘാടനം സെപ്തംബർ അവസാനവാരത്തിൽ നടക്കും.
4 ക്ലാസ് മുറികളും, സ്റ്റാഫ് റും, ഫിസിക്സ്, കെമിസ്ട്രി ലാബ്, ഓഡിറ്റോറിയം, സ്പോർട്സ് റൂം, ഓഫീസ് റും, ഐടി, ബോട്ടണി, സുവോളജി എന്നീ ലാബ് സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. കൊട്ടില ഗവ ഹയർ സെക്കണ്ടറി സ്കൂളിന് സാങ്കേതികനുമതി ലഭിച്ചു. രണ്ട് നിലകളിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ അഞ്ച് ക്ലാസ് മുറികളും, എൻ എസ് എസ് റൂം, എസ് പി സി റൂം, ലാബ്, സ്പോർട്സ് റൂം ലൈബ്രറി, ഐടി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളും വിഭാവനം ചെയ്തിട്ടുണ്ട്. പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ എം എൽ എ നിർദേശം നൽകി. ചെറുകുന്ന് ഗവ ബോയ്സിൽ റയിൽവേ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ തീരുമാനിച്ചു. 2 നിലകളിലായി 6 ക്ലാസ് റൂം, സ്റ്റാഫ് റൂം, സയൻസ്, മാത് സ് ലാബ്, ടോയ് ലറ്റ് എന്നിവ ഒരുക്കാനാണ് തീരുമാനം.
ഒരു കോടി രൂപ വീതം അനുവദിച്ച തെക്കേക്കര ഗവ എൽപി സ്കൂൾ സാങ്കേതികനുമതി ലഭിച്ചു. വേഗത്തിൽ ടെന്റർ നടപടി പൂർത്തി കരിച്ച് പ്രവൃത്തി ആരംഭിക്കാൻ എം എൽ എ നിർദേശം നൽകി. നരിക്കോട് ഗവ ന്യൂ യു.പി സ്കുളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് വിശദമായ പദ്ധതി രേഖ തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ടേഷനാണ് (കില ) പദ്ധതിയുടെ നിർവഹണ ചുമതല. പദ്ധതി പൂർത്തിയാകുന്നതോടെ സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും ഉയർത്തുന്നതിനും സ്കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും സാധിക്കുമെന്ന് എം എൽ എ പറഞ്ഞു യോഗത്തിൽ വിദ്യാകിരണം മിഷൻ ജില്ല കോർഡിനേറ്റർ സുധീർ കെ.സി, കല്യാശ്ശേരി ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സപ്ന സി, പ്രിൻസിപ്പാൾ മാരായ ഡോ ചിത്രലേഖ കെ കെ, സിന്ധു പടോളി, രജ്ജിത്ത് എം, കെ മിനി നാരായണൻ, തുളസി എൻ, പ്രധാനധ്യാപകരായ കെ വി രാധാകൃഷ്ണൻ, ജയന്തി മൂത്തൽ, മുഹമ്മദ് അഷ്റഫ് പി.കെ, അസിസ്റ്റന്റ് എഞ്ചിനിയർ മാർ, പിടിഎ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
Kalyassery Mandal Kifbi