ഇരിട്ടി: കനത്ത മഴയ്ക്കൊപ്പം ഉണ്ടായ കാറ്റിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. കാർ ഓടിച്ചയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയിൽ പെരുവംപറമ്പിൽ വെച്ചാണ് അപകടം. ഇരിക്കൂറിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന വള്ളിത്തോട് സ്വദേശി സി. ശുഹൈബ് ഓടിച്ച കാറിന് മുകളിലേക്കാണ് മരം വീണത്. പെരുവംപറമ്പ് പള്ളിക്ക് സമീപം റോഡരികിലെ അടിഭാഗം ദ്രവിച്ച കൂറ്റൻ പൂമരം കനത്ത കാറ്റിൽ റോഡിലേക്ക് പതിക്കുകയായിരുന്നു.
ഡ്രൈവിംങ്ങിനിടയിൽ മരം റോഡിലേക്ക് കടപുഴകി വരുന്നത് ശുഹൈബ് കണ്ടെങ്കിലും കാർ നിർത്തി പിറകിലോട്ട് എടുക്കുന്നതിനിടയിൽ മരം കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. കാറിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നെങ്കിലും ശുഹൈബിന് പരിക്കൊന്നും ഏറ്റില്ല. റോഡിന് കുറുകെ വീണ മരം ഇരിട്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി മുറിച്ചുനീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. സമീപത്തെ ഹൈടെൻഷൻ ലൈനിനും തകരാറായി.
കനത്ത ഇടിയും മിന്നലും ആശങ്കയുണ്ടായി. കെ എസ് ഇ ബി ഇരിട്ടി അസിസ്റ്റൻ്റ് എഞ്ചിനിയർ ലിജോയുടെ നേതൃത്വത്തിൽ വൈദ്യുതി ബന്ധം വിച്ചോദിച്ചാണ് അപകടം ഒഴിവാക്കി ഗതാഗതം പുനസ്ഥാപിച്ചത്. ബുധനാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ഇരിട്ടി ഉൾപ്പെടെ മലയോര മേഖലയിൽ കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടായത്. മേഖലയിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം മണിക്കൂറുകളോളം തടസപ്പെട്ടു.
The tree fell on top of the moving car