കണ്ണൂര്‍: ക്യാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ക്ക് ഇടയാക്കുന്ന മൈക്രോ പ്ലാസ്റ്റിക് കണങ്ങള്‍ മണ്ണിലും ജലത്തിലും വായുവിലും കൂടി വരുന്നതായി കണ്ടെത്തല്‍.പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എം.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിനു വേണ്ടി പഠനം നടത്തിയത്.
മൈക്രോപ്ലാസ്റ്റിക്കുകള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നതിന് നിരവധിയായ കാരണങ്ങള്‍ പുതിയ ജീവിത ക്രമത്തിലുണ്ടെന്ന് പഠനം പറയുന്നു. കിണര്‍ കപ്പിയിലുപയോഗിക്കുന്ന നൈലോണ്‍ കയറുകള്‍, കിണറിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വലകള്‍, അടുക്കളയില്‍ ഉപയോഗിക്കുന്ന കട്ടിങ് ബോര്‍ഡുകള്‍, പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌ക്രബര്‍, സ്ത്രീകള്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക് തുടങ്ങിയ നിരവധിയായ കാരണങ്ങളിലൂടെ മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
അഴീക്കോട് ചാല്‍ ബീച്ച് മുതല്‍ അഴീക്കല്‍ വരെയുള്ള പ്രദേശത്തെ കുടിവെള്ളവും കടല്‍ വെള്ളവും പ്രധാനമായും പഠന വിധേയമാക്കിയത്. ഒരു ലിറ്റര്‍ കടല്‍ വെള്ളത്തില്‍ 2640 മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ വരെ കണ്ടെത്തിയിട്ടുണ്ട്.
നൈലോണ്‍ പോളിസ്‌റ്റൈറിങ് തുടങ്ങിയവയുടെ നാരുകളാണ് കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ജലത്തില്‍ പ്ലാസ്റ്റിക് പെയിന്റുകളുടെ അംശം കൂടുതലായും ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പ്ലാസ്റ്റിക് കണങ്ങളുടെ ഓക്‌സീകരണം കൂടുതലായതിനാല്‍ ശ്വാസകോശങ്ങളുടെ വായു അറകളെ നശിപ്പിക്കുകയും കരളിലെത്തുന്ന മൈക്രോ പ്ലാസ്റ്റിക് കണങ്ങള്‍ എന്‍സൈമുകളുടെ ഉല്‍പാദന പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്.
microplastic-particles-increased-in-soil-water-and-air