തോട്ടിക്കൽ: സമുദായത്തിന്റെ അസ്തിത്വത്തിന് കവചമണിയിച്ചത് മദ്റസകളാണെന്നും അധാർമികതയുടെ കാടത്തത്തിൽ നിന്ന് മനുഷ്യനെ വിമലീകരിക്കുന്നത് മതപഠനമാണെന്നും സമസ്ത ട്രഷറർ കൊയ്യോട് പി. പി ഉമർ മുസ്‌ലിയാർ പ്രസ്താവിച്ചു. തോട്ടിക്കൽ നൂറുൽ ഇസ്ലാം മദ്റസ ഒന്നാം നില കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നല്ല വ്യക്തിയും സമൂഹവും ഉദയം ചെയ്യണമെങ്കിൽ മതബോധവും ധർമ്മ ചിന്തയും അനിവാര്യമാണെന്നും മാനുഷിക മൂല്യങ്ങൾക്ക് കാവൽ നിൽക്കാൻ മനുഷ്യനെ സജ്ജനാക്കുന്നത് മതപഠനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികൾ തരണം ചെയ്ത് മതപഠന മേഖലയുടെ കാര്യക്ഷമതക്ക് വേണ്ടി നാം സടകുടഞ്ഞെഴുന്നേൽക്കേണ്ടതുണ്ട്. കേരളത്തിലെയും ബംഗാളിലെയും മുസ്ലിംകൾ തമ്മിൽ സാംസ്‌കാരികവും മതകീയവുമായുള്ള വലിയൊരു വ്യത്യാസത്തിനു പിന്നിൽ മതപഠന കേന്ദ്രങ്ങളാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് ഉമർ നദ് വി തോട്ടിക്കൽ അധ്യക്ഷത വഹിച്ചു.യഹ്‌യ ബാഖവി പുഴക്കര മുഖ്യപ്രഭാഷണം നടത്തി.ഖത്തീബ് അബ്ദുസലാം ഹനീഫി, അബ്ദുറസാഖ് മാസ്റ്റർ, എം. അബൂബക്കർ സംസാരിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് അറിവരങ്ങ് ന്യൂസ് പ്രസിദ്ധീകരിച്ച സ്പെഷ്യൽ പതിപ്പ് പി. പി ഉമർ മുസ്‌ലിയാർ പ്രകാശനം ചെയ്തു
noorul islam madrasa