കേരളത്തെ അവഗണിച്ച് ശ്വാസംമുട്ടിക്കുന്ന കേന്ദ്ര സർക്കാറിന്റെ ക്രൂരമായ നടപടികൾക്കെതിരെ നാടാകെ ഒരുപോലെ നിൽക്കുക എന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭ ഒന്നാകെ പങ്കെടുത്ത തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സ് ജനസാഗരത്തെ സാക്ഷിയാക്കി തളിപ്പറമ്പ് ഉണ്ടപറമ്പ് മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമുക്ക് കാലാനുസൃതമായ പുരോഗതി വേണം. അതിന് അർഹതപ്പെട്ട വിഹിതം കേന്ദ്രത്തിൽനിന്ന് കിട്ടണം. കേരളത്തിന് ലഭിക്കേണ്ട ഗ്രാൻറുകൾ, വിവിധയിനത്തിൽ കിട്ടേണ്ട വിഹിതങ്ങൾ ഇതൊന്നും ഇപ്പോൾ ലഭിക്കുന്നില്ല. കേരളത്തിന് എടുക്കാവുന്ന കടത്തിൽ 6,000 കോടി രൂപയുടെ കുറവാണ് കേന്ദ്രം വരുത്തിയത്. നമ്മുടെ നാടിനെ തളരാൻ നമുക്ക് അനുവദിക്കാനാവില്ല. എല്ലാ ഘട്ടത്തിലും ഐക്യം ഒരുമയോടെ കേരളം കാണിച്ചിട്ടുണ്ട്.
ജനങ്ങൾ നവകേരള സദസ്സ് നെഞ്ചേറ്റി കഴിഞ്ഞു. സമൂഹത്തിന്റെ ഈ വിജയം നാടിന്റെ വിജയമാണ്. നമ്മുടെ നാടിന്റെ ഭാവിക്ക് ഉറപ്പുനൽകുന്ന സന്ദേശമാണ്. നിഷേധാത്മകമായ കാര്യങ്ങളോടൊപ്പമല്ല കേരളം എന്നാണ് ഈ പരിപാടി നൽകുന്ന സന്ദേശം. സർക്കാറിനെ പിന്താങ്ങുന്ന, സർക്കാർ പറയുന്നത് കേൾക്കാൻ ആഗ്രഹിച്ചെത്തുന്ന ആയിരക്കണക്കിന് ആളുകൾ പരിപാടിയുടെ ശോഭ കെടുത്താനുള്ള ശ്രമങ്ങളിൽ പ്രകോപിതരാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. ഏറ്റവും പിന്നണിയിൽ കിടക്കുന്ന പാവപ്പെട്ട മനുഷ്യന്റെ ഗുണമേൻമയുള്ള ജീവിതം ഉറപ്പാക്കാനായ ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ് എന്നതാണ് കേരള മോഡൽ എന്ന് അദ്ദേഹം പറഞ്ഞു. പട്ടിണി കിടക്കുന്ന മനുഷ്യർ ഉണ്ടാവരുത് എന്നാണ് കേരളത്തിന്റെ കാഴ്ചപ്പാട്. ഒരു വർഷത്തിനകം അതിദരിദ്രർ ഇല്ലാത്ത ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ വി എൻ വാസവൻ, ജെ ചിഞ്ചുറാണി, പി പ്രസാദ് എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്‌സി സ്വാഗതവും ഭൂരേഖ തഹസിൽദാർ കെ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാൻ 10 കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഭിന്നശേഷി വിഭാഗത്തിനും മുതിർന്നവർക്കും പ്രത്യേക കൗണ്ടറുകളും സജ്ജമാക്കി. വിവിധ കലാപരിപാടികളും അരങ്ങേറി.
Navakerala audience at Undaparamp Maidani