---
title: "കാറ്റും മഴയും മലയോര മേഖലയിൽ നിരവധി നാശനഷ്ട്ടങ്ങൾ വിതച്ചു "
english_title: "Rainy_updates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292227/rainy_updates"
published_at: "2025-05-26T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6833df476fe16_Screenshot_20250526_085456_Chrome.jpg"
keywords: []
---

# കാറ്റും മഴയും മലയോര മേഖലയിൽ നിരവധി നാശനഷ്ട്ടങ്ങൾ വിതച്ചു 

> **Lead Summary:** ഇരിട്ടി:കാറ്റിലും മഴയിലും മലയോര മേഖലയിൽ നാശം തുടരുന്നു. ശനിയാഴ്ച്ച വൈകിട്ടുണ്ടായ ചുഴിലിക്കാറ്റിൽ തകർന്ന വൈദ്യുതി ബന്ധം പൂർണ്ണതോതിൽ പുനസ്ഥാപിക്കാനായില്ല. മേഖലയിൽ മരം വീണും മറ്റും നിരവധി വൈദ്യുതി തൂണുകൽ നിലംപൊത്തിയതാണ് വൈദ്യുതി ബന്ധം തകരാറിലാക്കിയത്.

## Article Content

ഇരിട്ടി:കാറ്റിലും മഴയിലും മലയോര മേഖലയിൽ നാശം തുടരുന്നു. ശനിയാഴ്ച്ച വൈകിട്ടുണ്ടായ ചുഴിലിക്കാറ്റിൽ തകർന്ന വൈദ്യുതി ബന്ധം പൂർണ്ണതോതിൽ പുനസ്ഥാപിക്കാനായില്ല. മേഖലയിൽ മരം വീണും മറ്റും നിരവധി വൈദ്യുതി തൂണുകൽ നിലംപൊത്തിയതാണ് വൈദ്യുതി ബന്ധം തകരാറിലാക്കിയത്.

ബാവലി , ബാരാപോൾ പുഴകളിൽ നീരൊഴുക്ക് കൂടിയതോടെ പഴശ്ശി പദ്ധതിയുടെ കൂടുതൽ ഷട്ടറുകൾ തുറന്ന് കുടിവെള്ളത്തിനായി സംഭരിച്ച വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിട്ടു. പദ്ധതിയുടെ 16 ഷട്ടറുകളിൽ ഏഴ് ഷട്ടുകൾ ഒരു മീറ്റർ ഉയർത്തി.

ശക്തമായ മഴയിൽ പായം കോണ്ടബ്രയിലെ കീരാദേശ്വര ക്ഷേത്രത്തിന്റെ മതിൽക്കെട്ട് തകർന്നു.എട്ടുമീറ്റർ ഉയരത്തിലും 50 മീറ്ററോളം നീളത്തിലുമുള്ള കോൺക്രീറ്റ് ബെൽറ്റും ഫില്ലറും ഉൾപ്പെടെ സ്ഥാപിച്ച മകിലാണ് തകർന്നത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കീഴൂർ മഠപ്പുര റോഡിൽ 18 കോൽ താഴ്ച്ചയുള്ള വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു. എം.ദിവ്യയുടെ കിണറാണ് ഇടിഞ്ഞത്. അഞ്ചുകോലോളം മുകളിൽ നിന്നും താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.

മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ തകർന്ന്‌ ഇരിട്ടി, അത്തി, പയഞ്ചേരി ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതി പുനസ്ഥാപിക്കാനും ഗതാഗത തടസ്സം നീക്കാനും അഗ്നിരക്ഷാസേനയും കെഎസ്‌ഇബി ജീവനക്കാരും രംഗത്തുണ്ട്‌.

ഇരിട്ടി പുഴയിൽ നീരൊഴുക്ക്‌ കനത്തു. ഇരിട്ടി പുതിയ ബസ്റ്റാൻഡ്‌ വൺവെ റോഡിൽ മരം പൊട്ടി കാറിന്‌ മുകളിൽ വീണ്‌ കാർ ഭാഗികമായി തകർന്നു. വികാസ്‌ നഗറിൽ സ്വകാര്യ വ്യക്തിയുടെ മതിൽ മഴയിൽ തകർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292227/rainy_updates)