---
title: "കാലാവർഷത്തിൽ കോഴിക്കോട് ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം നാലായി. ഇന്നും റെഡ് അലെർട്ട്"
english_title: "Rainy_updates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292223/rainy_updates"
published_at: "2025-05-26T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6833d79eecb63_Screenshot_20250526_081441_Samsung_Internet.jpg"
keywords: []
---

# കാലാവർഷത്തിൽ കോഴിക്കോട് ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം നാലായി. ഇന്നും റെഡ് അലെർട്ട്

> **Lead Summary:** കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ കോഴിക്കോട്ജി ല്ലയില്‍ ഇന്നലെ മൂന്ന് പേര്‍ മരിച്ചു. ഇതോടെ ‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.

## Article Content

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ കോഴിക്കോട്ജി ല്ലയില്‍ ഇന്നലെ മൂന്ന് പേര്‍ മരിച്ചു. ഇതോടെ ‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.

താമരശ്ശേരി താലൂക്കിൽ കോടഞ്ചേരി വില്ലേജിലെ ബിജു ചന്ദ്രൻകുന്നേലിന്റെ മക്കളായ നിഥിൻ ബിജു (13), ഐവിൻ ബിജു (11) എന്നിവരും വടകര താലൂക്കിലെ വില്ല്യാപ്പള്ളി വില്ലേജിൽ മൊട്ടേമ്മൽ കുന്നുമ്മായിൻ്റവിട മീത്തൽ ദാമോദരന്റെ മകൻ പവിത്രൻ (64) എന്നയാളുമാണ് ഇന്നലെ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വടകര മുക്കാളിക്കരയിൽ കിണർ കുഴിക്കവെ മണ്ണിടിഞ്ഞ് വീണ് കുളത്തുവയൽ സ്വദേശി കെ വി രജീഷ് (48) മരിച്ചിരുന്നു.

ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള തോട്ടിൽ മീൻ പിടിക്കുന്നതിനിടയിലായിരുന്നു സഹോദരങ്ങളായ കുട്ടികൾ ഷോക്കേറ്റു മരിച്ചത്.

ശക്തമായ കാറ്റിൽ തേക്ക് മരത്തിൻ്റെ ശിഖരം വൈദ്യുതി ലൈനിൽ വീണതിനെ തുടര്‍ന്ന് കമ്പി പൊട്ടി തോട്ടിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിൽ പോകവെ കാറ്റിയാംവെള്ളി ക്ഷേത്രത്തിന് സമീപത്ത് വെച്ച് തെങ്ങ് കടപുഴകി വിണായിരുന്നു പവിത്രന്റെ മരണം.

ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നും (മെയ് 26) ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്‌കൂളുകള്‍, അങ്കണവാടികള്‍,മദ്രസകള്‍ തുടങ്ങിയവയ്ക്ക് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292223/rainy_updates)