ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ് നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഷംസ് ടൂറിസ്റ്റ് ഹോം,ആരാം ലോഡ്ജ് എന്ന സ്ഥാപനങ്ങൾക്ക് 15000 രൂപ വീതവും ഷംസ് ടൂറിസ്റ്റ് ഹോമിന്റെ എതിർവശത്തു സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് 20000 രൂപയും പിഴ ചുമത്തി.

സ്‌ക്വാഡ് ഷംസ് ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ ലോഡ്ജിന്റെ പല നിലകളിലും ടെറസിലുമായി നിരവധി മാലിന്യങ്ങൾ കാലങ്ങളായി കൂട്ടി ഇട്ടിരിക്കുന്നതായും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതായും കണ്ടെത്തി.ലോഡ്ജിന്റെ സൺഷേഡിൽ ഉൾപ്പെടെ ജനലുകൾ വഴി വലിച്ചെറിഞ്ഞ മാലിന്യങ്ങൾ കാലങ്ങളായി കിടക്കുന്നതായും കണ്ടെത്തി.ലോഡ്ജിന്റെ മലിനജലം ഒഴുകുന്ന മാൻ ഹോൾ ലീക്ക് ചെയ്തു മലിന ജലം തുറസ്സായി സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ഒഴുകി പോകുന്നതായും സ്‌ക്വാഡ് കണ്ടെത്തി. സമീപത്തായി തന്നെ സ്ഥിതി ചെയ്യുന്ന ആരാം ലോഡ്ജിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ സമീപത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് വലിച്ചെറിയുന്നതായി കണ്ടെത്തി. ലോഡ്ജിൽ നിന്നുള്ള മലിനജലവും സ്വകാര്യ വ്യക്തിയുടെ പറമ്പിലേയ്ക്കാണ് ഒഴുക്കി വിടുന്നത്.
കൂടാതെ മലിന ജലം ഒഴുകി എത്തുന്ന മാൻ ഹോൾ ലീക്ക് ചെയ്തു മലിന ജലം പ്രദേശത്ത് കെട്ടി കിടന്നു ദുർഗന്ധം പരത്തുന്നതായും കണ്ടെത്തി. രണ്ട് ലോഡ്ജുകൾക്കും 15000 രൂപ വീതം പിഴ ചുമത്തുകയും ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശവും നൽകി. ഷംസ് ടൂറിസ്റ്റ് ഹോമിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചാക്കുകളിലും അല്ലാതെയും നിരവധി മാലിന്യങ്ങൾ കാലങ്ങളായി തള്ളി വരുന്നതായി സ്‌ക്വാഡിന്റെ പരിശോധനയിൽ കണ്ടെത്തി.
കൂടാതെ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കിണറിൽ മുഴുവൻ മാലിന്യങ്ങൾ തള്ളിയ നിലയിലാണ് കാണപ്പെട്ടത്. സ്ഥലമുടമയെ കണ്ടെത്തി 20000 രൂപ പിഴ ചുമത്താനുള്ള നിർദേശം നഗര സഭ സെക്രട്ടറിക്ക് സ്‌ക്വാഡ് നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി ദിബിൽ സി കെ തളിപ്പറമ്പ് നഗര സഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ലതീഷ് പി തുടങ്ങിയവർ പങ്കെടുത്തു.
waste