പയ്യന്നൂര്‍: ഏഴിമല പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം താമസിച്ച് ആക്രിക്കച്ചവടം നടത്തുന്നവരാണ് ഗുഡ്‌സ് ഓട്ടോയില്‍ കയറ്റിയ സാധനങ്ങളുമായി പിടിയിലായത്.

ഇന്നുരാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. പള്ളിയിലെ വൈദികനും മറ്റും പുറത്തുപോയ സമയം നോക്കിയായിരുന്നു മോഷണം. റബ്ബര്‍ ഷെഡിലെ ഡിഷുകളും ഗ്രോട്ടോക്ക് സമീപത്തെ ഇരുമ്പു പൈപ്പിന്റെ കഷ്ണങ്ങളും ഇരുമ്പു ഷീറ്റുകളും സമീപത്തെ കടയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചതില്‍ ബാക്കിവന്ന പൈപ്പുകളും മറ്റുമാണ് ഇവര്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്.
റോഡിലൂടെ പോയവരാണ് മോഷ്ടിച്ച സാധനങ്ങളുമായി സ്ഥലം വിടുന്നതിനിടയില്‍ ഇവരെ വാഹനമുള്‍പ്പെടെ പിടികൂടിയത്. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് മോഷ്ടാക്കളേയും കെഎല്‍ 58 കെ.3192 ഗൂഡ്‌സ്് ഓട്ടോയും കസ്റ്റഡിയിലെടുത്തു.
Theft