വിരാജ്പേട്ട: കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കണ്ണൂർ കൊയിലി കുടുംബാംഗവും കൊയിലി ആശുപത്രി മാനേജിംഗ് പാർട്ട്ണറുമായ പള്ളിക്കുളത്തെ പ്രദീപ് കൊയിലിയെ (57) കുടകിലെ പൊന്നംപെട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം ഫാമിലെ താമസസ്ഥലത്ത് കൊലപ്പെടുത്തിയ പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

പൊന്നംപേട്ടയിലെ അനിൽ എന്ന മുത്തണ്ണ (25), സോംവാർപേട്ടിലെ ദീപക് എന്ന ദീപു (21), സ്റ്റീഫൻ ഡിസൂസ (26), കാർത്തിക് എച്ച് എം (27), പൊന്നം പേട്ടയിലെ ഹരീഷ് ടി എസ്(29) എന്നിവരെയാണ് വീരാജ്പേട്ട സബ്ബ് ഡിവിഷൻ എസ്‌പി എസ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2 സിനിമയിൽ അഭിനയിച്ച അനിലാണ് കൊലയ്ക്കു പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഫാമിൽ നിന്ന് മോഷ്ടിച്ച 13,30000 രൂപയും പോലീസ് കണ്ടെടുത്തു.
കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരന്റെ മകനാണ്. പ്രദീപിന് ബി ഷെട്ടിഗിരിയിൽ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ ഏപ്രിൽ 23 നു രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
Murder