അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിനുള്ള ഈ വർഷത്തെ NEET-UG പ്രവേശന പരീക്ഷ നാളെ (മെയ് 4) രാജ്യത്തെയും വിദേശത്തേയും വിവിധ കേന്ദ്രങ്ങളിലായി നടക്കും.നാളെ ഉച്ചയ്ക്ക് 2 മുതൽ 5 വരെയാണ് പരീക്ഷ. ഇന്ത്യയിലെ 552 നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. ഇതിനു പുറമെ 14 വിദേശനഗരങ്ങളിലും പരീക്ഷ നടക്കും.

നാളെ നടക്കുന്ന പരീക്ഷയിൽ 23 ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കും.രാജ്യത്തെ 780 മെഡിക്കൽ കോളജുകളിലായി ആകെ 1,18,190 എംബിബിഎസ് സീറ്റുകളും 329 ഡെന്റൽ കോളജുകളിലായി ബിഡിഎസിന് ഉദ്ദേശം 28,000 സീറ്റുകളും ഉണ്ട്.
ഇതിന് പുറമെ ബിഡിഎസ്, ആയുർവേദമടക്കമുള്ള മെഡിക്കൽ ബിരുദകോഴ്സുകൾ, വെറ്ററിനറി, അഗ്രികൾചർ അനുബന്ധ കോഴ്സുകളിലെ പ്രവേശനവും നീറ്റ് യുജി റാങ്ക് പട്ടിക പരിഗണിച്ചാണ് നടത്തുക. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് https:// neet.nta.nic.in വഴി ഡൗൺലോഡ് ചെയ്യാം.
അഡ്മിറ്റ് കാർഡിന്റെ ഒന്നാം പേജിൽ സൂചിപ്പിച്ചിട്ടുള്ള റിപ്പോർട്ടിങ് ടൈമിൽത്തന്നെ പരീക്ഷാ കേന്ദ്രത്തിൽ എത്താൻ ശ്രമിക്കണം.നേരത്തേതന്നെ വിദ്യാർഥികളുടെ ദേഹപരിശോധന തുടങ്ങും. 1.15നു പരീക്ഷാഹാളിൽക്കടന്ന് നിങ്ങളുടെ റോൾനമ്പർ എഴുതിയിട്ടുള്ള സീറ്റിലിരിക്കണം.
1.30 മുതൽ 1.45 വരെ പരീക്ഷയെ സംബന്ധിച്ച മുഖ്യനിർദേശങ്ങൾ നൽകി, അഡ്മിറ്റ്കാർഡും വിദ്യാർഥികളുടെ രേഖകളും പരിശോധിക്കും. 1.45നു ടെസ്റ്റ്–ബുക്‌ലെറ്റ് വിതരണം ചെയ്യും.
ഇൻവിജിലേറ്റർ പറയുമ്പോൾ മാത്രമേ അതിന്റെ സീൽ പൊട്ടിക്കാവൂ. 1.50നു ബുക്‌ലെറ്റിന്റെ കവർപേജിൽ നിങ്ങളുടെ വിവരങ്ങൾ ചേർത്ത് കാത്തിരിക്കുക. ഇൻവിജിലേറ്ററുടെ നിർദേശം വരുന്ന മുറയ്ക്ക് 2 മണി മുതൽ ചോദ്യങ്ങൾ വായിച്ച് ഉത്തരം അടയാളപ്പെടുത്താം.
ടെസ്റ്റ് ബുക്‌ലെറ്റ് കവറിന്റെ മുകൾഭാഗത്തു സൂചിപ്പിച്ചിട്ടുള്ളത്രയും പേജുകളും 180 ചോദ്യങ്ങളും അതിലുണ്ടെന്നു തുടക്കത്തിൽത്തന്നെ നോക്കി ഉറപ്പുവരുത്തണം. വ്യത്യാസമുണ്ടെങ്കിൽ ഉടൻ ഇൻവിജിലേറ്ററെ അറിയിക്കണം. പരീക്ഷ കൃത്യം 2നു തുടങ്ങി, 5ന് അവസാനിക്കും.
NEET UG