മലപ്പുറം: പാതിവില തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാവ് പൊലീസില്‍ കീഴടങ്ങി. മാറഞ്ചേരി പഞ്ചായത്ത് അംഗവും പൊന്നാനിയിലെ യൂത്ത് ലീഗ് നേതാവുമായ കെ എ ബക്കറാണ് കീഴടങ്ങിയത്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്. 330 പരാതികളിലായി 32 കേസുകള്‍ ബക്കറിനെതിരെയുണ്ട്. ഇയാള്‍ രണ്ട് മാസമായി ഒളിവിലായിരുന്നു.

പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ അടക്കമുള്ള സാധനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ് പാതിവില തട്ടിപ്പ് കേസ്. നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ ആജീവനാന്ത അധ്യക്ഷന്‍ കെ എന്‍ ആനന്ദകുമാറും ദേശീയ സെക്രട്ടറി അനന്തുകൃഷ്ണനും ചേര്‍ന്നാണ് പാതിവില തട്ടിപ്പ് നടത്തിയത്.
സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. 231 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. സീഡ് വഴിയും എന്‍ജിഒ കോണ്‍ഫഡറേഷനും വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
പ്രമുഖ വ്യക്തികളോട് ഒപ്പം നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് വിശ്വാസ്യത നേടിയായിരുന്നു തട്ടിപ്പ് നടത്തിയത്. വിശ്വാസ്യത നേടിയെടുക്കാന്‍ ഫീല്‍ഡ് തലത്തില്‍ കോഡിനേറ്റര്‍മാരെയും നിയമിച്ചു. ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ ചേര്‍ന്ന ആളുകള്‍ക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടറുകള്‍ നല്‍കി വിശ്വാസമുണ്ടാക്കി. എന്നാല്‍ പിന്നീട് പദ്ധതിയില്‍ ചേര്‍ന്നവരെ പറ്റിക്കുകയായിരുന്നു.
Half-price fraud case