തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ സ്വര്‍ണ്ണ കപ്പിന് സ്വീകരണം നല്‍കും.
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സ്വീകരണം നല്‍കിയശേഷം ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയില്‍ എത്തും.
കലോത്സവത്തിന്റെ രജിസ്‌ട്രേഷനും ഇന്ന് തുടങ്ങും. പുത്തരിക്കണ്ടം മൈതാനിയില്‍ സജ്ജീകരിച്ചിരിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചല്‍ ചടങ്ങ് രാവിലെ പത്തരയോടെ നടക്കും. ഇക്കുറിയും പഴയിടം മോഹനന്‍ നമ്പൂതിരിയാണ് കലാമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത്. ശനിയാഴ്ചയാണ് കലാമേളയ്ക്ക് തിരി തെളിയുന്നത്.
state school art festival