കണ്ണൂർ : ജില്ലയിൽ കെഎസ്ആർടിസി ആഴ്ചയിൽ 5 ബജറ്റ് ടൂറിസം സർവീസ് എത്തിക്കും. ഒരു ബസിൽ 50 പേർ വീതം 5 സർവീസുകളിലായി 250 പേരെ എത്തിക്കാനാണ് അധികൃതരുടെ ലക്ഷ്യം. ജില്ലയിൽ നേരത്തെ മലപ്പുറം– നിലമ്പൂർ ഡിപ്പോകളിൽ നിന്ന് എത്തിയ ബജറ്റ് ടൂറിസം സർവീസിന്റെ ചുവട് പിടിച്ചാണ് കൂടുതൽ ബജറ്റ് സർവീസ് ആരംഭിക്കുന്നത്. മലപ്പുറം സംഘത്തിൽ ഏറെയും വനിതകളായിരുന്നു. ജില്ലയുടെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് സഞ്ചാരികൾക്ക് മികച്ച അനുഭവമാണ് പറയാനുണ്ടായതും. സുരക്ഷിത യാത്ര എന്നത് വനിതാ സഞ്ചാരികൾ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പാക്കേജ് തിരഞ്ഞെടുക്കാൻ കാരണമാണ്. കോട്ടയം, കൊല്ലം, എറണാകുളം കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നുള്ള ബജറ്റ് ടൂറിസം ബസുകളാണ് ജില്ലയിലേക്ക് ഇനി എത്തുക.
ജില്ലയിലേക്ക് വൺ ഡേ, ടൂ ഡേ ടൂർ പാക്കേജുകളാണു കൂടുതലായും ഉണ്ടാകുക. ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളെയും ചേർത്തുള്ള സമഗ്ര ബജറ്റ് ടൂറിസം പാക്കേജാണ് നടപ്പാക്കുക.പയ്യാമ്പലം ബീച്ച്, ബേബി ബീച്ച്, പയ്യാമ്പലം പ്ലാനറ്റോറിയം, വാച്ച് ടവർ, കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ട, അറക്കൽ മ്യൂസിയം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ധർമടം തുരുത്ത്, ചൂട്ടാട് ബീച്ച്, മാട്ടൂൽ പെറ്റ് സ്റ്റേഷൻ, വയലപ്ര ഫ്ലോട്ടിങ് ബ്രിജ്, വിസ്മയ പാർക്ക്, സ്നേക്ക് പാർക്ക്, പൈതൽ മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട്, പഴശി ഡാം എന്നിവ ഉൾക്കൊള്ളിച്ച ടൂറിസം സർക്കീറ്റാണ് ജില്ലയിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഉൾപ്പെടെ ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ തീർഥാടന കേന്ദ്രങ്ങളും ഉൾക്കൊള്ളിച്ചുള്ള പാക്കേജും ഒരുക്കും. ജില്ലയുടെ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളെ എത്തിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് മികച്ച വരുമാനം കൈവരിക്കാനുമാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
KSRTC