വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ രാജേഷിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കുറുമാത്തൂര്‍ ചിന്‍മയ സ്‌കൂള്‍ അങ്കണത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നേദ്യയെ അവസാനമായി ഒരു നോക്ക് കാണാന്‍ നാട്ടുകാരും സഹപാഠികളും രക്ഷിതാക്കളുമടക്കം നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.
ജനുവരി ഒന്നിന് സ്‌കൂളിലെ പുതുവത്സര ആഘോഷം കഴിഞ്ഞ് അനുജത്തിക്ക് ഒരു കഷ്ണം കേക്കുമായാണ് നേദ്യ വീട്ടിലേക്ക് പോയത്. കളിച്ച് രസിച്ച അതേ സ്‌കൂള്‍ ഹാളിലേക്ക് ചേതനയറ്റ ശരീരമായി നേദ്യ മടങ്ങിയെത്തിയത് സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തി. നടുക്കം വിട്ടുമാറാതെയാണ് കൂട്ടുകാരും, അധ്യാപകരും നേദ്യയെ ഒരു നോക്ക് കാണാനായി എത്തിയത്.
രാവിലെ 10 മണിയോടെ പോസ്റ്റുമോര്‍ട്ടം ചെയ്ത നേദ്യയുടെ മൃതദേഹം 12 മണിയോടെയാണ് ആംബുലന്‍സില്‍ കുറുമാത്തൂര്‍ ചിന്‍മയ വിദ്യാലയ അങ്കണത്തില്‍ പൊതുദര്‍ശനത്തിനെത്തിച്ചത്. തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചു. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും ബന്ധുക്കളുടെയും കരച്ചില്‍ കൂടി നിന്നവരുടെയും കണ്ണ് നിറച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കുറുമാത്തൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങ്.
nedya rajesh