ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 92 വയസായിരുന്നു. ഡൽഹി എയിംസിലായിരുന്നു അന്ത്യം. 2004 മുതൽ 2014 വരെ തുടർച്ചയായി രണ്ടു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1991ലെ ഇന്ത്യൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശിൽപി എന്ന നിലയിൽ ശ്രദ്ധേയനാണ്.
ശാരീരിക അവശതയെ തുടർന്ന് ഇന്നു വൈകീട്ടോടെയാണ് മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തിയിരുന്നു.
സാമ്പത്തിക വിദഗ്ധനായ സിങ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ ദിശ മാറ്റിയ സാമ്പത്തിക ഉദാരീകരണത്തിന്റെ ആവിഷ്‌ക്കർത്താവാണ്. മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണു രാഷ്ട്രീയത്തിലെത്തുന്നത്. 1991ൽ രാജ്യസഭാ അംഗമായി. ഇതേ വർഷം തന്നെ നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയുമായി. 2004ലാണ് ആദ്യ യുപിഎ സർക്കാരിൽ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. 2009ൽ യുപിഎയുടെ രണ്ടാം ഊഴത്തിലും പ്രധാനമന്ത്രിയായി. നീണ്ട 33 വർഷത്തെ പാർലമെന്റ് ജീവിതത്തിനുശേഷം 2024 ഏപ്രിലിലാണ് രാജ്യസഭയിൽനിന്ന് വിരമിക്കുന്നത്.
1932 സെപ്റ്റംബർ 26ന് അവിഭക്ത ഇന്ത്യയിലെ പഞ്ചാബിലെ ഗാഹിലാണ് മൻമോഹൻ സിങ്ങിന്റെ ജനനം. 1947ലെ ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. ഇവിടെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഞ്ചാബ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കി. കേംബ്രിഡ്ജ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡിയും പൂർത്തിയാക്കി.
Manmohan sing