കണ്ണൂർ: സി.പി.ഐ(എം) കണ്ണൂർ ജില്ലാ സമ്മേളനം 2025 ഫെബ്രുവരി 1, 2, 3 തീയ്യതികളിൽ തളിപ്പറമ്പിൽ വെച്ചു നടക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും തളിപ്പറമ്പ് ഏരിയയിലെ വിവിധ പ്രദേശങ്ങളിലുമായി സംഘടിപ്പിക്കും.
4,420 ബ്രാഞ്ചുകളിലും 249 ലോക്കൽ കമ്മിറ്റികളിലും 18 ഏരിയാ കമ്മിറ്റികളിലുമായി 65,550 അംഗങ്ങളാണ് സി.പി.ഐ(എം)-ന് ജില്ലയിലുള്ളത്. ബ്രാഞ്ച്, ലോക്കൽ ഏരിയ സമ്മേളനങ്ങൾക്ക് ശേഷമാണ് ജില്ലാസമ്മേളനം നടക്കുന്നത്. ഡിസംബർ 20-ന് സ്വാതന്ത്ര്യസമരസേനാനികളുടെയും രക്തസാക്ഷികളുടെയും കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് 1940 സെപ്റ്റംബർ 15-ന്റെ സാമ്രാജ്യവിരുദ്ധ സമരം നടന്ന ചരിത്രപ്രസിദ്ധമായ മോറാഴയിൽ വെച്ച് നടക്കും.
ഇ.പി ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പിലും സമീപപ്രദേശങ്ങളിൽ നിന്നും മാത്രമായി 130 പേർ ഈ പരിപാടിയിൽ പങ്കെടുക്കും. സെമിനാറുകളും സാംസ്‌കാരിക സമ്മേളനം, പ്രൊഫഷണൽ മീറ്റ്, കലാ-കായിക പ്രതിഭാ സംഗമവും എഴുത്തുകാരുടെ സംഗമം, സന്നദ്ധസേവനരംഗത്ത് നിസ്വാർത്ഥപ്രവർത്തനം കാഴ്ചവെച്ച യൂത്ത്ബ്രിഗേഡ്-ഐ.ആർ.പി.സി വളണ്ടിയർമാർക്കുള്ള ആദരവ്, വിമുക്തഭടന്മാരെ ആദരിക്കൽ, മഹിളാസമ്മേളനം, കുട്ടികളുടെ സംഗമം, യുവജന-വിദ്യാർത്ഥി സമ്മേളനം, കർഷക-കർഷകതൊഴിലാളി സമ്മേളനം, തൊഴിലാളി സംഗമം എന്നിവയുൾപ്പെടെ വിവിധ പരിപാടികൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി സംഘടിപ്പിക്കും. ഇതോടൊപ്പം വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള 20 സെമിനാറുകകളും സംഘടിപ്പിക്കും.
CPI(M) Kannur District Conference