തളിപ്പറമ്പ്: തളിപ്പറമ്പ് പരിയാരം ദേശീയ പാതയിൽ ചിറവക്കിൽ സ്ഥാപിച്ച ട്രാഫിക്ക് സിഗ്നൽ ലൈറ്റുകൾ നവംബർ 26 മുതൽ മിഴി തുറക്കും.26 ന് 11 മണിക്ക് നടക്കുന്ന ചടങ്ങിൽ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി സിഗ്നൽ ലൈറ്റ് ഉദ്ഘാടനം ചെയ്യും.
നഗരസഭ ചിറവക്കിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം നീണ്ടുപോയതോടെ ഉദ്ഘാടനം വൈകുകയായിരുന്നു.ദേശീയപാതയിൽ നിന്നും തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത് ദേശീയ പാതയിൽ ഉൾപ്പെടെ ഗതാഗത തടസത്തിനിടയാക്കിയിരുന്നു.
സിഗ്നൽ പ്രവർത്തന സജ്ജമാകുന്നതോടെ ഈ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും സിഗ്നൽ സമയ ക്രമീകരണം താറുമാറാകുകയും ചെയ്യുമെന്ന വിലയിരുത്തലിനെ തുടർന്ന് ബസ് സ്റ്റോപ്പ് മാറ്റാൻ തീരുമാനിച്ചു.തുടർന്ന് ദേശീയ പാതയോരത്ത് അക്കിപ്പറമ്പ് സ്കൂളിന് സമീപത്തായി സ്പോൺസർമാരെ കണ്ടെത്തി ബസ് ഷെൽട്ടർ നിർമ്മിച്ചു. തളിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന ബസുകൾ നിർത്തുന്ന സ്ഥലത്തും ബസ് ഷെൽട്ടർ നിർമ്മിച്ചു. ഇവയുടെ നിർമ്മാണം പൂർത്തിയായതോടെയാണ് ഉദ്ഘാടനം തീരുമാനിച്ചത്.
ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നലെ നഗരസഭയിൽ ഭരണാധികാരികളും പൊലിസ്, ആർ.ടി.ഒ, ഓട്ടോറിക്ഷാ, ബസ് തൊഴിലാളി, മുതലാളി സംഘടനാ, രാഷ്ട്രീയ കക്ഷി, വ്യാപാരി പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് അവലോകന യോഗം ചേർന്നു.ചിറവക്കിലെ ഓട്ടോറിക്ഷകൾ തളിപ്പറമ്പ് ഭാഗത്തേക്ക് ദിശ മാറ്റി പാർക്ക് ചെയ്യാനും പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളുടെ എണ്ണം 10 ആക്കി പരിമിതപ്പെടുത്താനും തീരുമാനിച്ചു.
ശ്രീകണ്ഠാപുരം, ആലക്കോട്, പയ്യന്നൂർ, പരിയാരം ഭാഗത്തേക്കുള്ള ബസുകൾ ദേശീയപാതയിൽ പുതിയതായി സ്ഥാപിച്ച ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റണം.
തളിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന ബസുകൾ പുതിയതായി നിർമ്മിച്ച ബസ് ഷെൽട്ടറിന് മുന്നിൽ നിർത്തുന്നത് സിഗ്നൽ നടപ്പിലാക്കുന്നതോടെ ഗതാഗത തടസത്തിനിടയാക്കുമെന്നതിനാൽ നിലവിലുള്ള സ്ഥലത്തു നിന്ന് മുന്നോട്ട് മാറി വേ ബ്രിഡ്ജിന് മുന്നിൽ നിർത്തി യാത്രക്കാരെ ഇറക്കണമെന്ന് നിർദ്ദേശം നൽകി.
കെൽട്രോണിന് ആണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് പരിപാലന ചുമതല നൽകിയിരിക്കുന്നത്. പൊലിസും ആർ.ടി.ഒ, നഗരസഭ പ്രതിനിധികളും കെൽട്രോണും ചേർന്ന് ലൈറ്റുകളുടെ ട്രയൽ പരിശോധന ഒരു മാസം മുമ്പ് നടത്തിയിരുന്നു.ഉദ്ഘാടനത്തിനു ശേഷവും സ്ഥലത്ത് ക്യാംപ് ചെയ്ത് ഓരോ ഭാഗത്തേക്കുമുള്ള സിഗ്നൽ ലൈറ്റിൻ്റെ ക്രമീകരണത്തിൽ മാറ്റം വരുത്തുകയും ഗതാഗതം സുഗമമായതിനു ശേഷം സ്ഥിരപ്പെടുത്തുകയും ചെയ്യും.
സിഗ്നൽ ലൈറ്റ് പ്രവർത്തന ക്ഷമമാകുന്നതോടെ ഉണ്ടാകുന്ന സാഹചര്യങ്ങൾ പഠിച്ച് ആവശ്യമെങ്കിൽ ഓട്ടോറിക്ഷാ പാർക്കിങ്ങ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നതിന് പൊലിസിനെയും ആർ.ടി.ഒയും ചുമതലപ്പെടുത്തി.
തളിപ്പറമ്പ് നഗരത്തെ ഉൾപ്പെടെ ഗുരുതരമായി ബാധിക്കുന്ന ചിറവക്കിലെ ഗതാഗതക്കുരുക്ക് സിഗ്നൽ ലൈറ്റ് പ്രവർത്തന സജ്ജമാകുന്നതോടെ പൂർണ്ണമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.നഗരസഭ തന്നെ കെൽട്രോണിൻ്റെ മേൽനോട്ടത്തിൽ സംസ്ഥാന പാതയിൽ മന്ന ജംങ്ഷനിൽ വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച സിഗ്നൽ ലൈറ്റ് കൊണ്ട് സംസ്ഥാന പതയിലെ ഗതാതക്കുരുക്ക് പരിഹരിക്കുന്നതിന് സാധിച്ചിരുന്നു.
Inauguration of Traffic Signal Lights