സിബിഐ ചമഞ്ഞ് പാളി യത്ത് വളപ്പ് സ്വദേശിയുടെ 3 കോടിയിലേറെ രൂപ തട്ടിയ സംഘത്തിലെ കണ്ണിയെ പിടികൂടി.കോഴിക്കോട് സ്വദേശി എം പി ഫഹ്‌മി ജവാദ്(22) ആണ് അറസ്റ്റിലായത്. ക്രൈയിം ബ്രാഞ്ച് ഡിവൈഎസ്പി കീർത്തി ബാബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പാളിയത്ത് വളപ്പ് സ്വദേശി കെ വി ഭാർഗവനാണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 3 വരെയുള്ള തീയതികളിൽ ആയാണ് പണം കെട്ടിയെടുത്തത്. മുംബൈ ടെലികോം സർവീസിലെ ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് ഒരാൾ ആദ്യം വീഡിയോ കോളിൽ ബന്ധപ്പെടുകയും ഗൾഫിലായിരുന്ന ഭാർഗവന്റെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ സിംകാർഡ് എടുത്തിരുന്നു എന്നും ആ നമ്പർ ഓൺലൈൻ നിക്ഷേപ തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട് എന്നും തട്ടിപ്പിൽ കുടുങ്ങിയ ഒരു കുടുംബം ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നും അതിനാൽ നിങ്ങളെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞായിരുന്നു കോൾ. പിന്നീട് മുംബൈ പോലീസ് ആണെന്ന് പറഞ്ഞ് മറ്റൊരാൾ ഫോണിൽ ബന്ധപ്പെട്ടു. ഇതിന്റെ തൊട്ടു പിറകെ സിബിഐ ഓഫീസർ ആണെന്ന് പറഞ്ഞ് മറ്റൊരാളും കൂടി വിളിച്ചതോടെ ഭയന്നുപോയ ഭാർഗവൻ ഇവർ ആവശ്യപ്പെട്ട പ്രകാരം അക്കൗണ്ട് വിവരങ്ങൾ കൈമാറി.പിന്നീട് ഭാർഗവനെ ഭീഷണിപ്പെടുത്തി അയാളുടെ അക്കൗണ്ടിൽ നിന്നും ഭാര്യയുടെ അക്കൗണ്ടിൽ നിന്നും പണം പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
ഏഴ് അംഗ സംഘമാണ് തട്ടിപ്പിന് പിന്നിൽ. പശ്ചിമബംഗാളിലെ കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന അഫ്സാന ടൂർ ആൻഡ് ട്രാവൽസ് കേന്ദ്രമാക്കിയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്.സംഘം തട്ടിയെടുത്ത പണത്തിൽ 32 ലക്ഷം രൂപ കണ്ടെടുത്തു.
arrest