തലശേരി : പാനൂരിനടുത്ത് മാക്കൂൽ പീടികയിലെ ഒറ്റമുറി വീട്ടിൽ കഴിയുകയായിരുന്ന വയോധികയുടെ വീട്ടിലും, ജീവിതത്തിലും വെളിച്ചമെത്തിച്ച് കെ.എസ്.ഇ.ബി.. വർഷങ്ങളായി ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന മാക്കൂൽ പീടികയിലെ കുണ്ടംചാലിൽ ജാനുവിൻ്റെ വീട്ടിലാണ് പാനൂരിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നല്ല മനസിനെ തുടർന്ന് ഓണസമ്മാനമായി വൈദ്യുതിയെത്തിയത്.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കുറ്റവും, കുറവും മാത്രം പറയുന്നവർ അറിയണം. അവർക്കും ഒരു നല്ല മനസുണ്ട്. സഹജീവികളോട് കരുണയുള്ള നല്ല മനസ്. കഴിഞ്ഞ മാസാവസാനം മാക്കൂൽ പീടിക ഭാഗത്ത് ഇലക്ട്രിക്ക് ലൈനുകൾക്ക് മീതെ അപകടകരമായ രീതിയിൽ ചാഞ്ഞ മരച്ചില്ലകൾ ഓവർസിയർ വി.ദിനേശൻ്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റുകയായിരുന്ന ഉദ്യോഗസ്ഥരാണ് ഒറ്റമുറി വീട്ടിൽ കഴിയുകയായിരുന്ന മൊകേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ കുണ്ടം ചാലിൽ ജാനുവിൻ്റെ കഥയറിയുന്നത്. ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്ന ജാനുവിൻ്റെ അവസ്ഥ ദിനേശൻ ഓഫീസിലെത്തി പറഞ്ഞതോടെ ഉദ്യോഗസ്ഥർ വീട്ടിൽ വെളിച്ചമെത്തിക്കാൻ ഒറ്റക്കെട്ടായി നിന്നു.
വിരമിച്ച ലൈൻമാൻ അബ്ദുള്ള വയറിംഗ് ജോലി ഏറ്റെടുത്തതോടെ കാര്യങ്ങൾ എളുപ്പമായി. ഓണസമ്മാനമായി വീട്ടിൽ വെളിച്ചമെത്തിയതോടെ ജാനുവിൻ്റെ സന്തോഷത്തിന് അതിരുകളില്ലാതായി. കരഞ്ഞുകൊണ്ട് ജാനു ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞു. തലശേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മഹിജ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പാനൂർ അസി.എഞ്ചിനീയർ എം.അനുപ്രിയ അധ്യക്ഷത വഹിച്ചു. പാനൂർ സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുധീഷ്, വാർഡംഗം പ്രസന്നകുമാരി, പാനൂർ ഓവർസിയർ കെ.സി വിജേഷ് എന്നിവർ സംസാരിച്ചു.
KSEB employees