മഴക്കാലം എത്താനാകുന്നു.മഴയെന്നത് അനുഗ്രഹമാണ്.എന്നാൽ അധികൃതരുടെ ചെയ്തിയിൽ സങ്കട മഴയാകുമോഴെന്ന ഭീതിയിലാണ് കുപ്പം പുഴയോര നിവാസികൾ.ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള പുതിയ പാലം നിർമാണത്തിനായി കുപ്പം പുഴയിൽ നിക്ഷേപിച്ച മണ്ണ് പൂർണമായി നീക്കാത്തതാണു ഭീതിക്ക് കാരണം.കഴിഞ്ഞ കാലവർഷവും ഇതേ അവസ്ഥ ഉണ്ടായപ്പോൾ പ്രതിഷേധത്തെ തുടർന്ന് മുകൾപരപ്പിൽനിന്ന് മാത്രം മണ്ണ് നീക്കിയെങ്കിലും കനത്തമഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ കുപ്പത്ത് ഇരു കരകളിലെയും കടകളിലും വീടുകളിലും വെള്ളം കയറിയിരുന്നു. ഇവിടെയുള്ള മദ്രസ, അങ്കണവാടി എന്നിവിടങ്ങളിലും വെള്ളം കയറി.
2018 ലെ മഹാപ്രളയത്തിൽ കരകവിഞ്ഞ പുഴ വൻനാശം വരുത്തിയിരുന്നു. കുപ്പം പുഴയിൽ പുതിയപാലം പണി തുടങ്ങിയിട്ട് ഒരു വർഷത്തിലധികമായി.പഴയപാലത്തിന് സമാന്തരമായി പുഴയിൽ അഞ്ച് തൂണുകൾ പണിതാണ് പുതിയപാലം നിർമിക്കുന്നത്. എന്നാൽ, പാലത്തിന്റെ പകുതി പ്രവൃത്തിപോലും ഒരു വർഷത്തിലേറെയായിട്ടും പൂർത്തിയായില്ല. പഴയതിനെക്കാൾ ഉയർന്നുനിൽക്കുന്നതാണ് പുതിയ പാലം. ഇതിന്റെ തൂണുകളുടെ പണി പൂർത്തിയാക്കാനുണ്ട്.
സമീപ റോഡ് നിർമാണം, ബീമുകളുടെ നിർമാണം തുടങ്ങിയവയും ബാക്കിയുണ്ട്. പാലം പണി ഇഴഞ്ഞുനീങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നിർമാണത്തിന്റെ ഭാഗമായാണ് പുഴയിൽ മണ്ണിട്ട് ഒഴുക്ക് തടസ്സപ്പെടുത്തിയത്. വീതിയേറിയ പുഴയിൽ പത്ത് മീറ്ററോളം ഭാഗത്ത് മാത്രമാണ് മണ്ണിടാതെ ഒഴിച്ചിട്ടിരിക്കുന്നത്. മഴക്കാലത്തെ ഒഴുക്കിന് ഇത് തീർത്തും കുറഞ്ഞ വഴിയാണ്.കഴിഞ്ഞ വർഷം പോലെ മുകൾപരപ്പിൽ നിന്ന് മാത്രം മണ്ണ് നീക്കാതെ ആഴത്തിൽ മണ്ണ് കോരിനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് കമ്മറ്റി മുന്നറിയിപ്പ് നൽകി.
demand to remove the soil from the river