തളിപ്പറമ്പ്: വീണുകിട്ടിയ സ്വർണ്ണമാല ഉടമക്ക് കൈമാറി ബേങ്ക് കലക്ഷൻ ഏജൻ്റ് മാതൃകയായി. കേരള ബേങ്ക് തളിപ്പറമ്പ് മെയിൻ ശാഖയിലെ കലക്ഷൻ ഏജൻ്റ് എം മധുസൂദനനാണ് (60) സത്യസന്ധത തെളിയിച്ചത് . കലക്ഷൻ എടുക്കാൻ ശനിയാഴ്ച രാവിലെ 11.45 ഓടെ പോലിസ് സ്റ്റേഷൻ റോഡിൽ കൂടി നടന്നു പോകുമ്പോഴാണ് മധുസൂദനന് സെൻറ് മേരീസ് പള്ളി ഗേയിറ്റിനു സമീപം വെച്ച് നാല് പവൻ തൂക്കം വരുന്ന താലിമാല വീണു കിട്ടിയത് . മധുസൂദനൻ ഉടൻ സമീപത്തെ പോലിസ് സ്റ്റേഷനിൽ എത്തി സ്വർണ്ണമാല കൈമാറി .
ഉച്ചക്ക് 1.30 ഓടെ പൂവ്വത്തെ റിട്ട: അധ്യാപിക കെ ജ്യോതി (63) സ്വർണ്ണമാല നഷ്ടപ്പെട്ട പരാതിയുമായി സ്റ്റേഷനിലെത്തി . പോലിസ് സ്റ്റേഷന് സമീപത്തെ ഫിസിയോ തെറാപ്പി സെൻറിൽ രാവിലെ 11 മണിയോടെ ചികിത്സക്കെത്തിയതായിരുന്നു ജ്യോതി ടീച്ചർ. ഫിസിയോ തെറാപ്പി എടുക്കുന്നതിനു വേണ്ടി കഴുത്തിലെ മാല ഊരി കൈവശമുള്ള റെക്സിൻ സഞ്ചിയിൽ സൂക്ഷിച്ചതായിരുന്നു മാല. ഫിസിയോ തെറാപ്പി കഴിഞ്ഞ് പൂവ്വത്തെക്കുള്ള ബസ്സിൽ യാത്ര ചെയ്യവേ ചെനയന്നൂരിൽ വെച്ചാണ് മാല നഷ്ടപ്പെട്ടത് ടീച്ചർ അറിഞ്ഞത് . അണ്ടിക്കളത്തെ സ്റ്റോപ്പിൽ ഇറങ്ങിയ ടീച്ചർ തളിപ്പറമ്പിലെ ഫിസിയോ സെൻററിലെത്തിയ ശേഷം പോലിസ് സ്റ്റേഷനിൽ പരാതി നല്കാൻ എത്തിയപ്പോഴാണ് മാല പോലിസ് കസ്റ്റഡിയിലുണ്ടെന്നറിഞ്ഞത് .
കൈവശമുള്ള സഞ്ചിയിൽ സൂക്ഷിച്ച സ്വർണ്ണമാല സഞ്ചിയുടെ ദ്വാരത്തിൽ കൂടി റോഡിൽ നഷ്ടപ്പെടുകയായിരുന്നു . തളിപ്പറമ്പ് പോലിസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ മാരായ ഷൈജു ആരംഭൻ , എൻ ചന്ദ്രൻ , പി ആർ ഒ : സനീഷ് എന്നിവരുടെ സാന്നിധ്യത്തിൽ മധുസൂദനൻ താലിമാല ജ്യോതി ടീച്ചറെ തിരിച്ചേല്പിച്ചു. ചപ്പാരപ്പടവ് ഹയർ സെക്കണ്ടറി സ്കുളിൽ നിന്നും പ്രിൻസിപ്പാളായി വിരമിച്ചതാണ് ജ്യോതി ടീച്ചർ. പൂക്കോത്ത് തെരുസ്വദേശിയായ മധുസൂദനൻ പുളിംപറമ്പ് മാന്ധംകുണ്ടിലാണ് താമസം . സി എം പി ജില്ലാ കൗൺസിൽ അംഗമാണ് മധുസൂദനൻ .
The bank collection agent