കണ്ണൂർ: കലക്ടറേറ്റ് മാർച്ചിനിടെ പിണറായി വിജയൻറെ ഫ്ലക്സ് കീറിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മലപ്പട്ടം അടുവാപ്പുറം സ്വദേശി പി.ആർ. സനീഷിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കലക്ടറേറ്റ് മുന്നിൽ സ്ഥാപിച്ച, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്ലക്സാണ് സനീഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ കീറിയത്.
അതേ ദിവസം വൈകിട്ട് സനീഷിന്റെ പറമ്പിൽ സ്ഥാപിച്ച ഗാന്ധി സ്തൂപവും തകർക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മലപ്പട്ടത്ത് സംഘർഷം ഉടലെടുത്തിരുന്നു. സനീഷിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.

മലപ്പട്ടത്ത് ഗാന്ധിജിയുടെ സ്തൂപം തകര്‍ത്ത സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് പിണറായി വിജയന്റെ ചിത്രമുള്ള ഫ്‌ളക്‌സ് കീറിയെന്ന് ആരോപിച്ച് സനീഷിനെ അറസ്റ്റ് ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടാക്രമിച്ച സിപിഎമ്മുകാർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയപ്പോൾ സനീഷിനെതിരെ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
സ്ഥലത്തിന്റെ രേഖകള്‍ പരിശോധിക്കാന്‍ മയ്യില്‍ സ്റ്റേഷനില്‍ വരണമെന്ന് പറഞ്ഞു വിളിച്ചു വരുത്തി കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പൊലീസിനെകൊണ്ട് അറസ്റ്റ് ചെയ്യിക്കുകയായിരുന്നെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പറഞ്ഞു. ഏതാനും ദിവസങ്ങളായി കണ്ണൂരില്‍ നടക്കുന്നത് പൊലീസ് ഭീകരതയാണെന്നും വിജിൽ ആരോപിച്ചു.
Youth Congress activist