കാസർകോട്: ഉപ്പളയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് കണ്ണൂർ വാരം ചതുരക്കിണർ സ്വദേശിനിയായ വീട്ടമ്മ ഷാഹിന (48) മരിച്ചു. കണ്ണൂരിൽ നിന്ന് ഒമ്പത് വയസ്സുള്ള രോഗിയായ മകൾ റിയ ഫാത്തിമയെയും മറ്റ് ബന്ധുക്കളെയും കൊണ്ട് മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാഹിനയെ മംഗളൂരിലെ ദേർലക്കട്ടെ യേനപോയ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ഷാഹിനയുടെ മകൾ റിയ ഫാത്തിമ (9), സഹോദരി ഷാജിന (45), ഷാജിനയുടെ അനന്തരവൻ അസീവ് (22), ആംബുലൻസ് ഡ്രൈവർ പള്ളിപ്രത്തെ അക്രം എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മറ്റൊരു അനന്തരവനായ അനസ് (22) സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂർ കക്കാട് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
Ambulance accident