കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ തോരാതെ പെയ്യുകയാണ്. നഗരങ്ങളിൽ ഉൾപ്പെടെ പലയിടത്തും വെള്ളക്കെട്ടുണ്ടായി. കുറുവയിൽ രണ്ട് വീടുകൾക്ക് മുകളിലേക്ക് മതിലിടിഞ്ഞ് കേടുപാടുണ്ടായി. കൊയ്യത്ത് മരം വീണ് വീടിന്‍റെ മേൽക്കൂര തകർന്നു.കുപ്പത്ത് ദേശീയപാത നിർമാണം നടക്കുന്നയിടത്ത് നിന്ന് ഒഴുകിവന്ന ചളിയും വെള്ളവും വീടുകളിൽ കയറി ദുരിതത്തിലായി

തലശ്ശേരി റെയിൽവെ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡിൽ വെള്ളക്കെട്ടാണ്. പിലാത്തറയിൽ ദേശീയപാത സർവീസ് റോഡിൽ വെളളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
ദേശീയപാത നിർമാണം നടക്കുന്ന പാപ്പിനിശ്ശേരി വേളാപുരത്തും വെള്ളക്കെട്ടുണ്ട്. താഴെ ചൊവ്വയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഓടകൾ അടഞ്ഞതിനെ തുടർന്നാണ് വെളളം കയറിയത്. കോർപ്പറേഷൻ തൊഴിലാളികളെത്തി ഓട വൃത്തിയാക്കാൻ തുടങ്ങി.
കനത്ത മഴയിൽ പയ്യന്നൂർ താലൂക്ക് ആശുപത്രി വളപ്പിലെ പഴയ കെട്ടിടത്തിന്‍റെ ഭാഗങ്ങൾ തകർന്നുവീണു. ഉച്ചയ്ക്ക് ശേഷവും മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവാചനം.
Heavy rain continues in the district