Mar 1, 2022 12:36 PM

തളിപ്പറമ്പ്: പെരുവണ പേസ് പബ്ലിക്ക് ലൈബ്രറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക സമാഹരിക്കുന്നതിനുമായി ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മലയോര ഫെസ്റ്റ് ഇന്ന് മുതല്‍ എളമ്പേരം പാറയില്‍.

       സാന്ത്വന പരിപാലന രംഗത്ത് സജീവമായ ലൈബ്രറി കൂടിയാണ് പെരുവണ പേസ് പബ്ലിക് ലൈബ്രറി. നിലവില്‍ വാടക കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.മാര്‍ച്ച് ഒന്ന് മുതല്‍ 10 വരെയാണ് ഫെസ്റ്റ് നടക്കുക.

ഫെസ്റ്റിന്റെ ഭാഗമായി സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാണിജ്യ- വ്യാപാര സ്റ്റാളുകള്‍ ഉണ്ടാകും.

കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഹൈടെക് അമ്യൂസ്‌മെന്റ് പാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് 4.30 ന് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ.വി മധു ഉദ്ഘാടനം ചെയ്യും. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും.

ചടങ്ങില്‍ പാലിയേറ്റീവ് സെന്റര്‍ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ പെരുവണ നിര്‍വ്വഹിക്കും.

ദിവസവും രാത്രി 8.30 മുതല്‍ വിവിധ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ഒന്നിന് കോമഡി ഷോ, രണ്ടിന് കരോക്കേ ഗാനമേള, മൂന്നിന് ഫിഗര്‍ ഷോ, നാലിന് മാജിക് ഷോ, അഞ്ചിന് വണ്‍മാന്‍ ഷോ, ആറിന് മാജിക് ഡാന്‍സ്, ഏഴിന് കോമഡി ഷോ, എട്ടിന് കളര്‍ഫുള്‍ സിനിമാറ്റിക് ഡാന്‍സ്, ഒമ്പതിന് നാടന്‍പാട്ട് എന്നീ കലാപരിപാടികളാണ് അരങ്ങേറുകയെന്നും സംഘാടകര്‍ അറിയിച്ചു.

തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഉമ്മര്‍ പെരുവണ, പി.എ മൊയ്തു, യു.വി താഹിര്‍, എം.സുലൈമാന്‍ പങ്കെടുത്തു.

pace public library malayora fest

Next TV

Top Stories