പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ 'നാം മുന്നോട്ടി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനലവധിക്കാലത്ത് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തും. രാസലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, അധ്യാപകർക്ക് കൗൺസലിങ് പരിശീലനം, കുട്ടികൾക്ക് കായികപരിശീലനത്തിന് അധികസമയം, രക്ഷിതാക്കൾക്ക് ബോധവത്കരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വലിയ മുന്നൊരുക്കങ്ങൾ നിലവിൽ നടക്കുന്നുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധരുടെയും സാമുദായിക - സംഘടനാ നേതാക്കളുടെയും യോഗങ്ങളും ശിൽപശാലയും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തി. കുട്ടികളും യുവാക്കളുമാണ് ലഹരിക്ക് ഇരകളാകുന്നതിൽ ഏറെയുമെന്നതിനാൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും ബോധവത്കരണം നൽകേണ്ടതുണ്ട്. കുട്ടികൾക്കാവശ്യമായ കൗൺസലിങ് നൽകുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകും. പഠനസമ്മർദം ഒഴിവാക്കി വീടുകളിലേക്ക് മടങ്ങുന്നതിനായി എല്ലാ ദിവസവും അവസാന പിരീഡ് സുംബ ഡാൻസ് പോലുള്ള കായികപ്രവർത്തനങ്ങൾക്കായി നീക്കിവെക്കും. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കച്ചവടസ്ഥാപനങ്ങളെയും ദുരൂഹമായി കാണുന്ന വ്യക്തികളെയും നിരീക്ഷിക്കണം. സമൂഹമാകെയും ഇതിനായി ഉണർന്നു പ്രവർത്തിക്കണം.
ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സർക്കാർ സ്വീകരിക്കുന്നത്. അവരെ തിരുത്തി സമൂഹത്തോടൊപ്പം ചേർത്തുവെച്ച് കൊണ്ടുപോകാനാണ് ശ്രമം. സാധാരണജീവിതത്തിലേക്ക് മടങ്ങിവരുന്നവരെ ഉൾക്കൊള്ളുന്ന തരത്തിൽ സമൂഹവും മാറണം. അവർ വീണ്ടും ലഹരിയിലേക്ക് തിരിയാതിരിക്കാനുള്ള ജാഗ്രത വേണം. ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള ഒരു കേന്ദ്രം മാത്രമാണ് നിലവിൽ സർക്കാരിന് കീഴിലുള്ളത്. ഇത്തരം കേന്ദ്രങ്ങൾ എല്ലാ ജില്ലയിലും ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കളിക്കളങ്ങളുടെയും കളിക്കാനുള്ള അവസരങ്ങളുടെയും കുറവ് കുട്ടികളിൽ പഠനസമ്മർദമുണ്ടാക്കുന്നതായും ഇത്തരം കുട്ടികൾ ലഹരിക്ക് അടിമപ്പെടാനുള്ള സാധ്യതയേറെയാണെന്നും മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു അഭിപ്രായപ്പെട്ടു. പരിസര ശുചീകരണവും പ്രകൃതിസംരക്ഷണവും പാഠ്യപ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്നും അതുവഴി കുട്ടികളിലെ അലസത മാറ്റി ക്രിയാത്മകപ്രവർത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടണമെന്നും സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ലഹരിവ്യാപനം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുന്നതുകൊണ്ടാണ് സംസ്ഥാനത്തെ കണക്കുകൾ ഉയർന്നു നിൽക്കുന്നതെന്നും അത് ശരിയായ റിപ്പോർട്ടിങിന്റെ ഫലമാണെന്നുമായിരുന്നു മുൻ ഡിജിപി ഋഷിരാജ് സിങ്ങിന്റെ വാക്കുകൾ. ലഹരിക്ക് അടിമപ്പെടുന്നവരെ രോഗിയായി കണ്ട് ചികിത്സയും പിന്തുണയും നൽകണമെന്നും തുടർ നിരീക്ഷണവും സാമൂഹികപിന്തുണയും അനിവാര്യമാണെന്നും കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി പദ്മകുമാർ അഭിപ്രായപ്പെട്ടു. കലയും സിനിമയും ഒരു പരിധിക്കപ്പുറം സമൂഹത്തെ സ്വാധീനിക്കില്ലെന്നും ഷൂട്ടിങ് സമയത്തെ ലഹരി ഉപയോഗത്തിനെതിരെ താരസംഘടന ശക്തമായ നടപടി സ്വീകരിക്കുമെന്നും നടി സരയു പറഞ്ഞു.
Anti drug campaign