പയ്യന്നൂര്‍: ചെറുതാഴം കോക്കോട് ഉത്സവാഘോഷത്തിനിടയില്‍ ഭക്ഷ്യവിഷബാധ. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും പയ്യന്നൂരിലെരണ്ടു സ്വകാര്യ ആശുപത്രികളിലും പരിയാരം മെഡിക്കൽ കോളേജിലും എരിപുരത്തെ ആശുപത്രികളിലുമായി മുന്നൂറോളംപേര്‍ ചികിത്സതേടി. കൂടുതലും കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അവശതയിൽ പലർക്കും ഡ്രിപ്പ് നൽകിയാണ് ചികിത്സിച്ചത്.
ചെറുതാഴം കോക്കാട് മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിനെത്തിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആരോഗ്യ പ്രവർത്തകനും ഭക്ഷ്യവിഷബാധയേറ്റവരിൽപ്പെടും. ഇരുന്നൂറിലധികം പേര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മറ്റു സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ എരിപുരത്തെ ആശുപത്രിയിലുമായി മുന്നൂറോളം പേരാണ് ചികിത്സ തേടിയത്. ഇതില്‍ ഏതാനുംപേര്‍ മാത്രമാണ് ആശുപത്രികളിൽ കിടത്തി ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ക്ക് കുത്തിവെയ്പ്പും മരുന്നും നല്‍കി വീടുകളില്‍ വിശ്രമിക്കാനായി പറഞ്ഞുവിടുകയായിരുന്നു. ആരുടേയും ആരോഗ്യ നില ഗുരുതരമല്ല.
ഛര്‍ദ്ദിയും വയറിളക്കവുമായി ശനിയാഴ്ച രാത്രിമുതലാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ആശുപത്രികളിലേക്കെത്തിയത്. അസ്വസ്ഥതകളുണ്ടായിട്ടും ചികിത്സ തേടാതെ വീടുകളില്‍ത്തന്നെ കഴിയുന്നവരും നിരവധിയാണെന്നാണ് പുറത്തു വരുന്ന വിവരം. ഉത്സവ പറമ്പില്‍നിന്നും ഐസ്‌ക്രീം, വത്തക്ക, മുളകുബജി, ഓംലറ്റ് എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയ അന്നപ്രസാദം മാത്രം കഴിച്ചവരും ആശുപത്രികളിൽ ചികിത്സ തേടിയവരിലുണ്ട്.
ക്ഷേത്രത്തിലെ ഭക്ഷണമൊരുക്കുന്നതിന് മുമ്പായി ആവശ്യമായ പരിശോധനകളും ജാഗ്രതയും മുന്നൊരുക്കങ്ങളും നടത്തിയിരുന്നതായി ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കുന്നു. സംഭവമറിഞ്ഞയുടന്‍ ഫുഡ് ആൻ്റ്സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം വന്നാല്‍ മാത്രമേ കാരണം കണ്ടെത്താനാകൂ.
Food poison