പരിയാരം: പരിയാരത്ത് വന്‍ കഞ്ചാവ് വേട്ട, 9.700 കിലോഗ്രാം കഞ്ചാവ് സഹിതം 5 പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം 6.50 നാണ് സംഭവം. അലക്യം പാലം തട്ടിലെ വുഡ് ഗ്രീന്‍സ് റിസോര്‍ട്ടിന് സമീപത്തെ കുന്നിൻ മുകളിൽ വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.
കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി.വിനേഷ്‌കുമാര്‍, എസ്.ഐ എന്‍.പി.രാഘവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും ഡാന്‍സാഫ്ടീമും സ്ഥലത്തെത്തിയത്. അലക്യം പാലത്തിന് സമീപത്തെ തമ്പിലന്‍ വീട്ടില്‍ കാര്‍ലോസ് കുര്യാക്കോസ്(25), പിലാത്തറ പൊന്നാരം വീട്ടില്‍ കെ.വി.അഭിജിത്ത് (24),ഏമ്പേറ്റ് കല്ലുവെട്ടാംകുഴിയില്‍ വീട്ടില്‍ കെ.ഷിബിന്‍ റോയ് (25), ശ്രീസ്ഥ കൊയിലേരിയന്‍ വീട്ടില്‍ കെ.ഷിജിന്‍ ദാസ് (28), വിളയാങ്കോട് ഫെസ്റ്റന്‍ വില്ലയില്‍ റോബിന്‍ റോഡ്‌സ് എന്ന ഷാംജി സജിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരുവില്‍ നിന്നെത്തിച്ച കഞ്ചാവ് ചില്ലറ വില്‍പ്പനക്കായി പാക്കറ്റുകളിലാക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ പോലീസ് പിടിയാലായത്. ഡാന്‍സാഫ്ടീം മാസങ്ങളായി ഇവരെ രഹസ്യമായി നിരീക്ഷിച്ചുവരികയാണ്. ബംഗളൂരുവില്‍ നിന്ന് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങളാണ് ലഭിച്ചതെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
5 arrested with more than 9 kg of ganja