ആദംപുർ (പഞ്ചാബ്): ഓപ്പറേഷൻ സിന്ദൂർ സാങ്കേതിക വിദ്യയുടെ കരുത്ത് കാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടമാണെന്നും ഇന്ത്യക്കാരന്റെ മനസ് സൈനികർക്കൊപ്പമാണെന്നും മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ തീവ്രവാദികളുടെ തലസ്ഥാനം തകർത്തെന്നും ആദംപുർ വ്യോമതാവളത്തിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ സ്ഥാനം എവിടെയാണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയ്ക്ക് കാണിച്ചു കൊടുക്കാൻ സാധിച്ചു. നമ്മുടെ കര-വ്യോമ-നാവിക സേനകൾ പാക് സൈന്യത്തെ പരാജയപ്പെടുത്തി. അവരുടെ സ്ഥാനം എവിടെയെന്ന് കാണിച്ചു കൊടുത്തു. ചെകുത്താൻ കണ്ണുകൊണ്ട് ഇന്ത്യയെ വീക്ഷിക്കുന്നത് അവരുടെ നാശത്തിലേക്ക് നയിക്കുമെന്ന് ഭീകരതയുടെ തലതൊട്ടപ്പന്മാർ തിരിച്ചറിഞ്ഞിട്ടുണ്ട്, മോദി പറഞ്ഞു.
പ്രസംഗത്തിൽ പാകിസ്താന് ശക്തമായ മുന്നറിയിപ്പ് മോദി നൽകി. ആണവായുധം ഉപയോഗിച്ചുള്ള ബ്ലക്മെയിലിങ് വെച്ചുപൊറുപ്പിക്കില്ല. ഇത് പുതിയ ഇന്ത്യയാണ്. വേണ്ടിവന്നാൽ മനുഷ്യജീവനുകൾ സംരക്ഷിക്കാൻ യുദ്ധത്തിലേക്ക് നീങ്ങാൻ മടിക്കില്ല. ഇനി മറുപടി നൽകിയാൽ അത് പാകിസ്താൻറെ സർവനാശമായിരിക്കും. ശത്രുക്കൾ മണ്ണോടടിയുമെന്നും മോദി പറഞ്ഞു.
ഇന്ത്യൻ ഡ്രോണുകളേക്കുറിച്ചും മിസൈലുകളെക്കുറിച്ചും ചിന്തിച്ച് പാകിസ്താന് ദിവസങ്ങളോളം ഉറങ്ങാനാകില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. രാജ്യത്തെ ഒന്നിച്ചു നിർത്തി. ഇന്ത്യൻ അതിർത്തി സംരക്ഷിച്ചു. ഇന്ത്യയുടെ അഭിമാനം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തി. സങ്കൽപ്പിക്കാനാകാത്ത കാര്യമാണ് സൈന്യം ചെയ്തതെന്നും മോദി പറഞ്ഞു. നമ്മുടെ സഹോദരിമാരുടേയും പെൺമക്കളുടേയും സിന്ദൂരം മായ്ച്ചപ്പോൾ ഞങ്ങൾ തീവ്രവാദികളുടെ വീടുകളിൽ കേറി അവരെ ചതച്ചരച്ചുവെന്നും മോദി പറഞ്ഞു.
നേരത്തെ ആദംപുർ വ്യോമത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ പ്രധാനമന്ത്രിയോട് ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച കാര്യങ്ങൾ വ്യോമസേന ഉദ്യോഗസ്ഥർ വിശദീകരിച്ചു. വ്യോമത്താവളത്തിലെ സേനാംഗങ്ങളുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തിന്റ നന്ദി അറിയിക്കുകയും ചെയ്തു.
Operation Sindoor