കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിലെ നേഴ്സുമാർ വീണ്ടും സമരത്തിലേക്ക്. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത് 6 വർഷത്തിനു ശേഷവും ശമ്പള വർദ്ധനവ് ഇല്ലാതെ സർക്കാർ അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. 2019ൽ ആണ് പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തത്. തുടർന്ന് 520 നേഴ്സുമാരെ സർക്കാർ ജീവനക്കാർ ആക്കി മാറ്റി. സഹകരണ സ്ഥാപനം ആയിരുന്ന കാലത്തെ മുൻകാല സേവനം പരിഗണിക്കാതെ 2019 നു ശേഷം ഉള്ള സർവീസ് മാത്രം ആണ് പരിഗണിച്ചത്.
സർക്കാർ മാനദണ്ഡ പ്രകാരം ഇവർക്ക് 10000 മുതൽ 20000 വരെയാണ് സാലറി കുറച്ചത്. 25,30 വർഷം സർവീസ് ഉള്ള സീനിയോറിറ്റി പ്രകാരം ശമ്പള വർദ്ധനയ്ക്ക് അർഹതയുള്ളവർ പോലും തുച്ഛമായ വേതനത്തിലാണ് ഇവിടെ ജോലി ചെയ്യുന്നത്. മുൻകാല സർവീസ് പരിഗണിക്കാത്തതിനാൽ ഗ്രാറ്റിവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല. ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കാതെ ആയിരുന്നു സൂചന സമരം. സർക്കാർ ഇനിയും അവഗണന തുടർന്നാൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് സംയുക്ത നേഴ്സസ് കൂട്ടായ്മയുടെ തീരുമാനം.
Nurses at Pariyaram Medical College go on strike again