പരിയാരം : കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തിങ്കളാഴ്ച (01/07/2024) തുടക്കമാവും. ഒരു വ്യക്തിയുടെ എല്ലാ ആരോഗ്യ വിവരങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ഏത് ഇ - ഹെൽത്ത് അധിഷ്ഠിത ആശുപത്രികളിലും ലഭിക്കുമെന്നതിനാൽ ചികിത്സ കൂടുതൽ വേഗം കിട്ടുന്നതിന് ഇത് സഹായിക്കുമെന്നത്, സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന ഈ പദ്ധതിയുടെ വലിയ നേട്ടമാണ്. ഇത് പ്രകാരം ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി രോഗി റഫർ ചെയ്യപ്പെടുമ്പോൾ, ആദ്യ ആശുപത്രിയിൽ നിന്നും ചെയ്ത ലാബ്പരിശോധനാ റിപ്പോർട്ട് ഉൾപ്പടെ റഫർ ചെയ്യപ്പെട്ട ആശുപത്രിയിലും ലഭിക്കുമെന്നതിനാൽ, സാധാരണനിലയിൽ വീണ്ടും പരിശോധന വേണ്ടിവരുന്നില്ല. ഇത് സമയ-സാമ്പത്തിക നഷ്ടം ഒഴിവാക്കി, രോഗിക്ക് ചികിത്സ വളരെവേഗം കിട്ടാൻ വഴിയൊരുക്കുന്നു.

ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി UHID എടുക്കേണ്ടതുണ്ട്. ആധാർ കാർഡും, ആധാർ ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി വന്നാൽ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുക്കിയ പ്രത്യേക ഇ-ഹെൽത്ത് കൗണ്ടറിൽ നിന്നും ഈ സേവനം ലഭ്യമാണ്. ehealth.kerala. gov.in/portal/uhid-reg എന്ന ഓൺലൈൻ ലിങ്ക് ഉപയോഗപ്പെടുത്തി സ്വന്തമായി റജിസ്റ്റർ ചെയ്യാനും സാധിക്കും. UHID യുമായി ബന്ധപ്പെടുത്തി മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്‌താൽ, മൊബൈൽ ഫോൺ ഉപയോഗിച്ച്, ടോക്കൺ എടുക്കുന്നതിനും ലാബ് റിസൾട്ട് ഉൾപ്പടെയുള്ള പരിശോധനാ ഫലങ്ങൾ സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ അറിയാൻ കഴിയുമെന്നതും പ്രത്യേകതതന്നെ.
UHID ലഭിച്ചവർക്ക്, ഇന്റർനെറ്റ് ഉപയോഗപ്പെടുത്തി വീട്ടിലിരുന്നും ടോക്കൺ ബുക്ക് ചെയ്യാൻ കഴിയുമെന്നതും ആരോഗ്യരംഗത്തെ ഈ വലിയ മാറ്റത്തിന്റെ നേട്ടമാണെന്നതും കാണേണ്ടതാണ്. ചികിത്സതേടിയെത്തുന്ന ഓരോരുത്തരും ആരോഗ്യരംഗത്തെ ഈ ഡിജിറ്റൽമാറ്റത്തിന്റെ ഭാഗമാവണമെന്നും UHID ലഭിക്കാൻ ആശുപത്രിയിൽ ഒരുക്കിയ പ്രത്യേക സേവനം ഉപയോഗപ്പെടുത്തണമെന്നും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് അറിയിച്ചു.
E-Health project at Kannur Government Medical College