തളിപ്പറമ്പ്: കഴിഞ്ഞ ദിവസം രാത്രിയിൽ ആരുടെയോ കണ്ണിൽ പൊടിയിടാൻ എന്ന ഭാവത്തിൽ ടാർ ഉപയോഗിച്ച് അടച്ച അപകടക്കുഴി വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്. കണ്ണൂർ, കാസർഗോഡ് ദേശീയപാതയിൽ തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് മുൻവശത്തെ ജംഗ്ഷനിൽ റോഡിന് നടുവിൽ രൂപപ്പെട്ട വൻകുഴി വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു.
മൂന്ന്-നാല് ദിവസങ്ങൾക്ക് മുമ്പ് രൂപപ്പെട്ട കുഴി ഇതുവരെ അറ്റകുറ്റപ്പണി നടത്തി നികത്താൻ അധികൃതർ നടപടിയെടുത്തിട്ടില്ല എന്നത് കഴിഞ്ഞ ദിവസം തളിപ്പറമ്പ് ന്യൂസ് ഓൺലൈൻ വാർത്തയാക്കിയിരുന്നു. തുടർന്ന് രാത്രി തന്നെ അധികൃതർ ഇടപെട്ട് താൽക്കാലികമെന്നോണം അറ്റകുറ്റപണി ചെയ്തിരുന്നു. എന്നാൽ വീണ്ടും കുഴിയായി അപകടവസ്ഥയിലായിരിക്കുകയാണ്.
ദേശീയപാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഇവിടെ മുമ്പും പലതവണ സമാന രീതിയിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. ഓരോ തവണയും താൽക്കാലികമായി കുഴി നികത്തുന്നതല്ലാതെ ശാശ്വത പരിഹാരം കാണാൻ ദേശീയപാത അധികൃതരോ ബന്ധപ്പെട്ട വകുപ്പുകളോ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാത്രിയിൽ ആവശ്യമായ വെളിച്ചമില്ലാത്തതിനാൽ ബോർഡും കുഴിയും വ്യക്തമായി കാണാൻ കഴിയാത്തത് അപകടസാധ്യത വർധിപ്പിക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ അപകടഭീഷണിയാണ് നിലനിൽക്കുന്നത്.
ദിവസേന നൂറുകണക്കിന് ബസുകളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ ഭാഗത്ത് അടിയന്തരമായി ശാശ്വത അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്. വലിയൊരു ദുരന്തം സംഭവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Content Highlight: Temporary repair fails: Closed at night, pothole reappears by day—hazardous pit on the Taliparamba National Highway poses a renewed threat.




































