കണ്ണൂർ:ജില്ലയില്‍ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും കാറ്റിലും കാര്‍ഷിക മേഖലയില്‍ വ്യാപക നാശനഷ്ടം. ജില്ലയില്‍ ഇതുവരെ 101.47 ഹെക്ടര്‍ ഭൂമിയിലായി നാലര കോടിയോളം രൂപയുടെ (444.13 ലക്ഷം) കൃഷി നാശം സംഭവിച്ചതായി കൃഷിവകുപ്പ് അറിയിച്ചു.

4619 കര്‍ഷകരെയാണ് മഴക്കെടുതി ബാധിച്ചത്. പേരാവൂര്‍, പയ്യന്നൂര്‍ ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട് ചെയ്തിട്ടുള്ളത്. പേരാവൂരില്‍ 95.59 ലക്ഷം രൂപയുടേയും പയ്യന്നൂരില്‍ 92.08 ലക്ഷം രൂപയുടെ നഷ്ടവും രേഖപെടുത്തി.
ജില്ലയില്‍ 34.08 ഹെക്ടര്‍ വാഴകൃഷിയില്‍ രണ്ട് കോടി 39 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 39,921 കുലച്ച വാഴകള്‍ നശിക്കുകയും 1272 കര്‍ഷകരെ ബാധിക്കുകയും ചെയ്തു. കുലയ്ക്കാത്ത വാഴകള്‍ നശിച്ച് 56.20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. 673 റബ്ബര്‍ കര്‍ഷകരെ മഴ ബാധിച്ചു.
ജില്ലയില്‍ 11.83 ഹെക്ടര്‍ സ്ഥലത്താണ് റബ്ബര്‍ കൃഷി നടത്തുന്നത്. ഇതില്‍ 2847 ടാപ്പിംഗ് നടത്തുന്ന റബ്ബര്‍ മരങ്ങളും ടാപ്പിംഗ് ഇല്ലാത്ത 1010 റബ്ബര്‍ മരങ്ങളും നശിച്ചു. ആകെ 72.09 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. 21.76 ഹെക്ടറിലുള്ള തെങ്ങ് കൃഷിയില്‍ 1057 തെങ്ങുകള്‍ നശിച്ചു. 52.85 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. 595 തെങ്ങ് കര്‍ഷകരെയാണ് ദുരന്തം ബാധിച്ചത്.
10.87 ഹെക്ടര്‍ ഭൂമിയിലായി കുലച്ച 2093 കവുങ്ങുകളും 808 കവുങ്ങുകളും നശിച്ചു. 724 കവുങ്ങ് കര്‍ഷകര്‍ക്ക് 8.3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കുരുമുളക് കൃഷിയില്‍ 4.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കശുമാവിന്‍ കൃഷിയില്‍ 1.69 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തെങ്ങ് കൃഷിയില്‍ 6.75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 225 തെങ്ങുകള്‍ നശിച്ചതായും കൃഷിവകുപ്പ് അറിയിച്ചു.
Rainy_updates