കണ്ണൂർ: കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി രാജ്യത്തുനിന്ന് തിരിച്ചയക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ.കെ. വിനോദ് കുമാർ അധികൃതരോട് ആവശ്യപ്പെട്ടു.

കണ്ണൂർ ജില്ലയിൽ 71 പാക് പൗരന്മാർ ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ പാക് പൗരന്മാർ ഉള്ളത് കണ്ണൂർ ജില്ലയിലാണ്. ഇവരിൽ എത്രപേർ അനധികൃതമായി കണ്ണൂർ ജില്ലയിൽ താമസിക്കുന്നുവെന്ന് അധികൃതർ ഉറപ്പ് വരുത്തണം. അതോടൊപ്പം അവർക്കെതിരെ എന്ത് അന്വേഷണമാണ് നടത്തിയതെന്നും അധികൃതർ വ്യക്തമാക്കണം.
മത ഭീകരവാദ ശക്തികൾക്ക് ശക്തമായ വേരോട്ടമുള്ള ജില്ലയാണ് കണ്ണൂർ. മതഭീകരവാദികളോട് കേരള സർക്കാർ എന്നും മൃദു സമീപനമാണ് സ്വീകരിച്ചു വന്നിട്ടുള്ളത്. കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിരുന്നില്ല.
മതഭീകരവാദിയായ തടിയന്റവിടെ നസീറിന്റെയും കൂട്ടാളികളുടെയും കേന്ദ്രമാണ് കണ്ണൂർ ജില്ല. ജമ്മുകശ്മീരിൽ തീവ്രവാദ പരിശീലനം നേടി ഇന്ത്യൻ മിലിട്ടറിക്കെതിരെ യുദ്ധം ചെയ്ത് മരണപ്പെട്ടത് കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും കണ്ണൂർ ജില്ലയിൽ മതഭീകരവാദം പൂർണ്ണമായും നിയന്ത്രിക്കപ്പെട്ടു എന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ കണ്ണൂർ ജില്ലയിലുള്ള പാക്ക് പൗരന്മാരെ കൃത്യമായി നിരീക്ഷിക്കാൻ നടപടി ഉണ്ടാവണം. ഇതിൽ അനധികൃതമായി കണ്ണൂരിൽ താമസിക്കുന്നവരെ ഉടൻതന്നെ കണ്ടെത്തുവാനും തിരികെ അയക്കാനും നടപടി സ്വീകരിക്കണം. കണ്ണൂരിലുള്ള പാക്ക് പൗരന്മാരെ കൃത്യമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും അധികൃതർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
BJP