ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വളരെയേറെ നടക്കുന്ന കാലമാണിത്. സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പാണ് അതിലൊന്ന്.

എളുപ്പത്തിൽ ലോൺ ലഭിക്കുമെന്ന പേരിൽ ഇത്തരം ഒരുപാട് ആപ്പുകൾ ധാരാളം പേർ ഉപയോഗിക്കുകയും തട്ടിപ്പിൽ പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ തട്ടിപ്പുകാർ അനുവാദം ചോദിക്കാറുണ്ട്. ഗ്യാലറി പങ്കുവെയ്ക്കാനും കോൺടാക്ട് വിവരങ്ങൾ എടുക്കാനുമൊക്കെയുള്ള അനുവാദം ആവാം അവർ ചോദിക്കുന്നത്. ഇതൊന്നും ഒരിക്കലും അനുവദിക്കേണ്ടതില്ല. മാത്രമല്ല, ആപ്പ് ഉപയോഗിച്ച് ഫോണിൽ നിന്ന് അവർ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചേക്കാം.
ഫോട്ടോയും മറ്റും അവർ കൈക്കലാക്കിയേക്കും. വായ്പ നൽകിയ പണം തിരിച്ചു വാങ്ങുന്നതിനുള്ള സമ്മർദ്ദതന്ത്രത്തിൻ്റെ ഭാഗമായി ഈ സ്വകാര്യ വിവരങ്ങളും ഫോട്ടോയുമൊക്കെ അവർ നിങ്ങൾക്കെതിരെ ഉപയോഗിച്ചേക്കാം. ഓർക്കുക, നിങ്ങളുടെ സ്വകാര്യത പണയം വെച്ചാണ് നിങ്ങൾ അവരിൽ നിന്ന് വായ്പയെടുക്കുന്നത്. ഇത്തരം ലോൺ ആപ്പുകളെ ഒരിക്കലും ആശ്രയിക്കരുത്.
ഇത്തരം തട്ടിപ്പുകളിൽ പെട്ടാൽ എത്രയും വേഗം 1930 എന്ന ഫോൺ നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കുക.
Kerala Police warns against online financial fraud