പയ്യാമ്പലം: മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വിറകില്ലാത്തതിനാൽ പയ്യാമ്പലം ശ്മശാനത്തിൽ വീണ്ടും സംസ്കാരം മുടങ്ങി.തോട്ടടയിൽ നിന്ന് സംസ്ക്കരിക്കാൻ കൊണ്ടുവന്ന മൃതദേഹവുമായി ബന്ധുക്കൾക്ക് ഒരു മണിക്കൂർ ശ്മശാനത്തിൽ കാത്തിരിക്കേണ്ടിവന്നു. മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന കോർപ്പറേഷൻ നടപടിയിൽ പ്രതിഷേധം കനത്തതോടെ പകൽ 12 ന് കോർപ്പറേഷൻ അധികൃതർ ഒരു മൃതദേഹം മാത്രം ദഹിപ്പിക്കാനുള്ള വിറകെത്തിച്ചു.

ഇതിന് ശേഷം 12. 15 നാണ് സംസ്ക്കാരം നടന്നത്. വിറകെത്തിക്കുന്നതുവരെ ഒരു മണിക്കൂറോളം മൃതശരീരം ആംബുലൻസിൽ കിടത്തി ചുട്ടുപൊള്ളുന്ന വെയിലിൽ ബന്ധുക്കൾക്ക് കാത്തിരിക്കേണ്ടി വന്നു. സംഭവമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ഏരിയാ സെക്രട്ടറി കെ പി സുധാകരൻ എന്നിവർ സ്ഥലത്തെത്തി കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പനുമായി ചർച്ച നടത്തി. ഇതിന് പിന്നാലെ താൽക്കാലിക ആവശ്യത്തിനുള്ള വിറക് ശ്മശാനത്തിലേക്കെത്തിച്ചു.
നാട്ടിലെവിടെയും കേട്ടുകേൾവിയില്ലാത്ത സംഭവമാണ് പയ്യാമ്പലം ശ്മശാനത്തിൽ നടന്നിട്ടുള്ളതെന്നും ഇത്രയും കെടുകാര്യസ്ഥത നിറഞ്ഞ കോർപ്പറേഷൻ രാജ്യത്ത് ഉണ്ടാവിലെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. മൃതശരീരത്തോട് അനാദരവ് കാണിക്കുകയാണ് കോർപ്പറേഷൻ. മൃതദേഹം സംസ്ക്കാരിക്കാനാവാതെ ബന്ധുക്കൾക്ക് മണിക്കുറുകൾ കാത്തിരിക്കേണ്ടിവന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും വിഷയം തദ്ദേശസ്വയം ഭരണം വകുപ്പ് മന്ത്രി എം ബി രാജേഷുമായി സംസാരിച്ചിട്ടുണ്ടെന്നും കെ കെ രാഗേഷ് പറഞ്ഞു.
പയ്യാമ്പലത്ത് വിറകും ചിരട്ടയും വിതരണത്തിന് ടെൻഡർ നൽകുകയാണ് പതിവ്. മാർച്ച് 12 ന് കാലവധി കഴിഞ്ഞതിനെ തുടർന്ന് പുതിയ ടെൻഡർ വിളിച്ചെങ്കിലും ആരും കരാർ ഏറ്റെടുക്കാൻ തയ്യാറായില്ല. നേരത്തെ കരാറെടുത്ത ആളിന് കുടിശിക ബാക്കിയുണ്ട്. പ്രതിഷേധം കനത്തതോടെ കോർപ്പറേഷൻ സെക്രട്ടറിയുടെ നിർദേശം അനുസരിച്ച് പഴയ കരാറുകാരനാണ് വിറക് ഇറക്കി നൽകിയത്.
ആവശ്യത്തിന് വിറകില്ലെന്ന് നേരത്തെ തന്നെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനെ ഉൾപ്പെടെ ജീവനക്കാർ അറിയിച്ചിരുന്നു. എന്നാൽ നിരന്തരം ആവശ്യപ്പെട്ടിട്ടും വിറക് എത്തിച്ചില്ല. മാർച്ച് 24 ന് പയ്യാമ്പലത്ത് ചിരട്ടയില്ലാത്തിനാൽ സംസ്ക്കാരം മണിക്കുറുകളോളം മുടങ്ങിയിരുന്നു. അന്ന് ബന്ധുകൾ പരിസരത്തെ വീടുകളിൽ നിന്ന് ഉൾപ്പടെ ചിരട്ടയെത്തിച്ചാണ് സംസ്ക്കാരം നടത്തിയത്.
കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് സംസ്ക്കാരം സൗജന്യവും കോർപ്പറേഷന് പുറത്തുള്ളവർക്ക് 3000 രൂപയുമാണ് നിലവിൽ ഈടാക്കുന്നത്. വലിയ തുക ഈടാക്കുമ്പോഴും ശ്മശാനം നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരാതികൾ തുടർക്കഥയാണ്. പയ്യാമ്പലത്ത് സംസ്ക്കാരം യദാക്രമം നടത്താൻ ഇടപെടൽ നടത്താത്ത കോർപ്പറേഷൻ നടപടിയിൽ പ്രതിഷേധവും കനക്കുകകയാണ്.
Cremation disrupted in Kannur's Payyambalam