---
title: "പൂട്ടിയിട്ട വീട്ടിലെ കവർച്ച; രണ്ടുപേർ അറസ്റ്റിൽ"
english_title: " Two people were arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/261966/two-people-were-arrested"
published_at: "2025-01-08T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e40e28167d_Untitled-2-web.jpg"
keywords: []
---

# പൂട്ടിയിട്ട വീട്ടിലെ കവർച്ച; രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: തളാപ്പിലെ പൂട്ടിയിട്ട വീട്ടിൽ നിന്ന് 14 പവനും 88,000 രൂപയും കവർന്ന സംഭവത്തിൽ ബന്ധു ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. അഴീക്കോട് ഉപ്പായിച്ചാലിലെ സുബൈദാസിൽ റനീസ് , എ വി ഹൗസിൽ റഹീം എന്നിവരെയാണ് എ സി പി ടി കെ രത്നകുമാറിന്റെ മേൽനോട്ടത്തിൽ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂർ: തളാപ്പിലെ പൂട്ടിയിട്ട വീട്ടിൽ നിന്ന് 14 പവനും 88,000 രൂപയും കവർന്ന സംഭവത്തിൽ ബന്ധു ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. അഴീക്കോട് ഉപ്പായിച്ചാലിലെ സുബൈദാസിൽ റനീസ് , എ വി ഹൗസിൽ റഹീം എന്നിവരെയാണ് എ സി പി ടി കെ രത്നകുമാറിന്റെ മേൽനോട്ടത്തിൽ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

കേസിലെ രണ്ടാം പ്രതി അഴീക്കോട് ചാൽ ആരതിയിൽ ധനേഷ് കവർച്ചക്ക് ശേഷം രണ്ടിന് ഗൾഫിലേക്ക് കടന്നു. കവർച്ച ചെയ്ത സ്വർണത്തിന്റെ പകുതി റനീസിന്റെ വീട്ടിൽ നിന്ന്‌ കണ്ടെടുത്തു.

ഡിസംബർ 29-ന് പുലർച്ചെ 2.30-ന് തളാപ്പ് ജുമാ മസ്ജിദിന് സമീപം ഉമയാമി ഹൗസിൽ പി നജീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ മുൻഭാഗത്തുള്ള വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ പ്രതികൾ കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ച 12 സ്വർണ നാണയങ്ങളും രണ്ട് പവന്റെ മാലയും പണവുമാണ് കവർന്നത്.കവർച്ച നടന്ന വീടിനെ കുറിച്ച് റഹീമാണ് കൃത്യമായ വിവരം നൽകിയതെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരന്റെ പിതാവിന്റെ സഹോദരനാണ് റഹിം. കവർച്ച നടത്തിയ റനീസും ധനേഷും സുഹൃത്തുക്കളാണ്.

ഡിസംബർ 22-ന് പത്ത് ദിവസത്തെ അവധിക്കാണ് ധനേഷ് വിദേശത്ത് നിന്ന്‌ നാട്ടിൽ വന്നത്. ആലപ്പുഴയിലുള്ള ഭാര്യ വീട്ടിൽ പോയതിന് ശേഷം കണ്ണൂരിൽ ലോഡ്ജിൽ താമസിക്കുകയായിരുന്നു. വീട്ടുകാർക്ക് ചിക്കൻ പോക്സ് ഉള്ളതിനാലാണ് മുറിയെടുത്തത്. 29-ന് റനീസും ധനേഷും ലോഡ്ജിൽ ഇരുന്ന് മദ്യപിച്ചു. ഇതിനിടെയാണ് ഗൾഫിൽ ജോലി ചെയ്യുന്ന തളാപ്പ് സ്വദേശി ബന്ധുവിന്റെ വീട് പൂട്ടിയിട്ടിരിക്കുക ആണെന്നും സ്വർണവും പണവും വീട്ടിൽ ഉണ്ടാകുമെന്നും റഹീം പറഞ്ഞത് റനീസ് ധനേഷിനോട് പറയുന്നത്.

വീട്ടിലെ മുറികളുടെ വിവരങ്ങളും റഹീം കൈമാറിയിരുന്നു. തുടർന്നാണ് കവർച്ചയ്ക്കായി എത്തുന്നത്. പുലർച്ചെ റനീസും ധനേഷും സ്കൂട്ടറിൽ തളാപ്പിലെ വീട്ടിലെത്തി. അഴീക്കോട് ഓലാടത്താഴയിലെ വർക്ക്‌ ഷോപ്പിൽ നിന്ന്‌ മോഷ്ടിച്ച ഇരുമ്പ് പാരയുമായിട്ടാണ് പ്രതികൾ എത്തിയത്.

വീടിന്റെ മുൻഭാഗത്തുള്ള വാതിലിന്റെ നിരവധി ഇടങ്ങളിൽ ഇരുമ്പ് പാര കൊണ്ട് കുത്തി ഇളക്കിയാണ് വാതിൽ തുറന്നത്. കവർച്ച നടത്തിയ ശേഷം നേരേ ഉപ്പായിച്ചാലിലുള്ള റനീസിന്റെ വീട്ടിലേക്കാണ് പോയത്. സ്വർണം വീട്ടിൽ ഒളിപ്പിച്ചു.

പ്രദേശത്തെ നൂറോളം സി.സി.ടി.വി പരിശോധിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സാധിച്ചത്. വീട്ടുകാർ ഉൾപ്പെടെ 25 പേരെ വിവിധ ഘട്ടങ്ങളിലായി ചോദ്യം ചെയ്തു.

എസ് ഐമാരായ വിശാഖ്, പി പി സമീർ, അനുരൂപ്, നാസർ, ഉദ്യോഗസ്ഥരായ ബൈജു, ഷൈജു, മിഥുൻ, സനൂപ്, റമീസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/261966/two-people-were-arrested)