കാസര്‍കോട്: കല്യാണവീട്ടിലെ പന്തല്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കര്‍ണ്ണാടക, സ്വദേശിയായ പ്രമോദ് രാമണ്ണ(30)യെന്നു പേരുള്ള യുവാവാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ തളങ്കര, തെരുവത്താണ് അപകടം. ഒരു കല്യാണ വീട്ടില്‍ ഉയര്‍ത്തിയ പന്തല്‍ അഴിച്ചു മാറ്റുന്ന ജോലിക്കാണ് പ്രമോദ് രാമണ്ണ എത്തിയത്. ചെര്‍ക്കളയില്‍ നിന്നാണ് ഇയാളെ ജോലിക്കു കൂട്ടിയതെന്നു പന്തല്‍ കരാറെടുത്തവര്‍ പറഞ്ഞു.
അഴിച്ചു മാറ്റിയ പന്തലിന്റെ ഇരുമ്പു തൂണ്‍ ലോറിയില്‍ കയറ്റുന്നതിനിടയില്‍ സമീപത്തെ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് അപകടം ഉണ്ടായത്. തെറിച്ചു വീണ പ്രമോദ് രാമണ്ണയെ ഉടന്‍ മാലിക് ദീനാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. ചെര്‍ക്കളയില്‍ താമസിച്ച് ജോലി ചെയ്തു വരുന്ന കര്‍ണ്ണാടക സ്വദേശികളുടെ സഹായത്തോടെ മരിച്ച യുവാവിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
Pramod ramanna