സംസ്ഥാനത്ത് മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് പരാതി നൽകാൻ സംവിധാനം വേണമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. സംസ്ഥാനത്ത് മൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാവുന്ന സാഹചര്യത്തിലാണ് ഇടപെടൽ.
മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിന് നിരവധി പേർ ഇരയാകുന്നുണ്ട്. എന്നാൽ നിലവിൽ ഇതു സംബന്ധിച്ച് നിയമനിർമാണങ്ങളോ സംവിധാനങ്ങളോ ഇല്ലെന്നും ജസ്റ്റിസ് സി എസ് ഡയസ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരുമായി ചർച്ചകൾ നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചത്.
തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് എസ് സിരിജഗൻ കമ്മിറ്റി നേരത്തെ നിലവിൽ വന്നിരുന്നു. ഈ വിഷയത്തിലുള്ള കേസുകളുടെ തുടർനടപടി സുപ്രീംകോടതി മേയിൽ അവസാനിപ്പിച്ചു. എന്നാൽ സിരിജഗൻ കമ്മിറ്റിയെക്കുറിച്ച് പരാമർശമുണ്ടായില്ല. ഇതോടെ മ്മിറ്റിയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലായി. തെരുവുനായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഹൈക്കോടതികളിൽ ഉന്നയിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി.
High court